കെ.എസ്.ആര്.ടി.സിയില്‍ ശമ്പള വിതരണം മുടങ്ങിയതോടെ പ്രതിഷേധവുമായി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍. കൈയ്യില്‍ പണമില്ലാത്തതിനാല്‍ കൂലിപ്പണിക്ക് പോകാന്‍ മൂന്ന് ദിവസത്തെ അവധി ചോദിച്ച് കത്ത് നല്കിക്കൊണ്ടായിരുന്നു ഡ്രൈവര്‍ അജു പ്രതിഷേധിച്ചത്.
വണ്ടിയില്‍ പെട്രോള്‍ ഇല്ല. നിറയ്ക്കുവാന്‍ കയ്യില്‍ പണവുമില്ല. ആയതിനാല്‍ വട്ടചെലവിനുള്ള കാശിനായി ഈ വരുന്ന 13,14,15 ദിവസങ്ങളില്‍ തൂമ്പ പണിക്ക് പോവാന്‍ പോവുകയാണ്. അതിന് ലീവ് തരണമെന്നാണ് അജു കത്തില്‍ എഴുതിയത്.
ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. കയ്യില്‍ പെട്രോള്‍ അടിക്കാന്‍ പോലും കാശില്ലെന്ന് അജു പറയുന്നു. നിവൃത്തികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധികത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെ.എസ്.ആര്.ടി.സി , സര്‍ക്കാര്‍ നല്‍കിവരുന്ന സഹായ ധനം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. ഈ സഹായ ധനം കൈമാറാത്തതാണ് കെ.എസ്.ആര്.ടി.സിയില്‍ ശമ്പള വിതരണം നീളാന്‍ കാരണം. മാസം അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് പാലിക്കപ്പെടാതെ വന്നതോടെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും മുടങ്ങി.
മൂന്ന് മാസം മുമ്പ് വ രെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് 30 കോടിയാക്കി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. ഇതിന് പിന്നാലെയാണ് അജു പ്രതിഷേധിച്ചുകൊണ്ട് കത്തെഴുതിയത്.