കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കെഎസ്ഇബി നീക്കം.അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്കരിക്കാനും ആദിവാസി സ്കൂൾ, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുമാണ് വിഷയം ചർച്ചയായ കെഎസ്ഇബി ഉന്നതതല യോഗത്തിൽ നിർദേശം ഉയർന്നത്.
പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പത്ത് വർഷം മുൻപ് അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചതായി കെഎസ്ഇബി പ്രഖ്യാപിച്ചിരുന്നു.
സെന്റർ ഫോർ എൻവയോൺമെന്റ് ആർക്കിടെക്ചർ ആൻഡ് ഹ്യൂമൻ സെറ്റിൽമെന്റ്സ് (സി-എർത്ത്) മലങ്കര അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ബാണാസുരസാഗർ അണക്കെട്ട് എന്നിവിടങ്ങളിലെ ടൂറിസം വികസനത്തെക്കുറിച്ച് 2025 ജനുവരി 17 ന് ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിൽ നിർദേശം ഉയർന്നതായി, ഏപ്രിൽ 24 ന് കെഎസ്ഇബി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ടൂറിസം, വൈദ്യുതി ഉൽപാദന പദ്ധതി എന്ന നിലയിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് കെഎസ്ഇബി ഒരു പ്രായോഗികതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു. ‘പഠനത്തിന്റെ അടിസ്ഥാനത്തിൽ, കെഎസ്ഇബി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ പദ്ധതി അവതരിപ്പിക്കും. ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം.’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 70 ശതമാനവും നിറവേറ്റാൻ കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അതിരപ്പള്ളി പദ്ധതി പുനഃപരിശോധിക്കാൻ കെഎസ്ഇബി നിർബന്ധിതരായതെന്നും ബിജു പ്രഭാകർ പറഞ്ഞു. സംസ്ഥാനത്തിന്റെ പീക്ക്-അവർ ഡിമാൻഡ് 5,800 മെഗാവാട്ട് ആണെങ്കിലും, ജലവൈദ്യുത പദ്ധതികളിൽ നിന്ന് 1,800 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സോളാർ പവർ പ്രോജക്ടുകളിൽ നിന്ന് ബോർഡിന് ഏകദേശം 1,500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും, പകൽ സമയത്ത് മാത്രമേ ഇത് ലഭ്യമാകൂ, പീക്ക്-അവർ ഡിമാൻഡ് നിറവേറ്റാൻ ഇത് സഹായിക്കുന്നില്ല. ഡിമാൻഡ് വർദ്ധിക്കുന്നതോടെ, അമിത വിലയ്ക്ക് പുറത്തു നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നിർബന്ധിതരാകുന്നുവെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
ആദ്യ നിർദ്ദേശം അനുസരിച്ച്, അതിരപ്പിള്ളി പദ്ധതിക്ക് 4 എംസിഎം വെള്ളം സംഭരിക്കാൻ ശേഷിയുണ്ടാകും, ഇത് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കും. 40 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നാല് ജനറേറ്ററുകൾ പദ്ധതിയിലുണ്ടാകും. അതിരപ്പിള്ളി വെള്ളച്ചാട്ടം സജീവമായി നിലനിർത്താൻ, വെള്ളച്ചാട്ടത്തിന് മുകളിൽ 3 മെഗാവാട്ട് ഉത്പാദന യൂണിറ്റ് സ്ഥാപിക്കും. വൈദ്യുതി ഉൽപ്പാദനത്തിനു ശേഷം തുറന്നുവിടുന്ന വെള്ളം അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ സജീവമായി നിലനിർത്തും. പുറത്തുവിടുന്ന വെള്ളം അതിരപ്പിള്ളി റിസർവോയറിൽ സംഭരിച്ച് വൈദ്യുതി ഉൽപാദനത്തിനായി ഉപയോഗിക്കും. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നത് വർഷം മുഴുവനും അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളിലെ ജലപ്രവാഹം ഉറപ്പാക്കാൻ സഹായിക്കും. കെഎസ്ഇബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) 2001, 2005, 2007 വർഷങ്ങളിൽ പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയിരുന്നു. പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ഇനി ഒരു ഡിപിആർ തയ്യാറാക്കി MoEF&CC യുടെ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം. മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ച ശേഷം, പരിസ്ഥിതി അനുമതിക്കുള്ള നടപടിക്രമങ്ങൾ ബോർഡ് വീണ്ടും ചെയ്യേണ്ടതുണ്ട്. 1979 ലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യം ഉയർന്നു വരുന്നത്. 163 മെഗാവാട്ടാണ് പദ്ധതിയുടെ കപ്പാസിറ്റി. പൊകലപ്പാറയിൽ ഡാം നിർമ്മിക്കാനാണ് ലക്ഷ്യമിട്ടത്. ജനറേഷൻ യൂണിറ്റ് കണ്ണൻകുഴിയിൽ സ്ഥാപിക്കാനുമാണ് നിർദേശം ഉണ്ടായിരുന്നത്.