മധുരെ: പിബി അംഗം എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റിയിൽ മുപ്പത് പേരെ ഒഴിവാക്കി 30 പേരെ പുതുതായി ഉൾപ്പെടുത്തി. കേരളത്തിലെ 14 പേരിൽ ടിപി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ് സലീഖ എഎന്നിവരാണ് പുതുമുഖങ്ങൾ.
മുൻ ശ്രീകൃഷ്ണപുരം എംഎൽഎയും സിപിഎം പാലക്കാട് നേതാവുമായ കെ.എസ് സലീഖ കേന്ദ്രകമ്മിറ്റിയിൽ എത്തിയത് തീർത്തും അപ്രതീക്ഷിതമായി. മുസ്ലീം വനിത എന്ന പരിഗണനയിലാണ് സലീഖ കേന്ദ്രകമ്മിറ്റിയിൽ എത്തിയത് എന്നാണ് സൂചന. പി.കെ ശ്രീമതിയെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കുമെനന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ റിയാസ്, സ്വരാജ്, പി.കെ ബിജു എന്നിവരിൽ ഒരാൾക്ക് കേന്ദ്രകമ്മിറ്റിയിൽ എത്താനുള്ള അവസരം ഇല്ലാതായി. കൊടിയേരി ബാലകൃഷ്ണൻ മരണപ്പെടുകയും എ.കെ ബാലൻ പ്രായപരിധി കാരണം ഒഴിയുകയും ചെയ്തതോടെ വന്ന ഒഴിവുകളും ഇതോടെ നികത്തപ്പെട്ടു.
റിയാസിന് കേന്ദ്രകമ്മിറ്റി അംഗത്വം കിട്ടാതെ വന്നതോടെ സിപിഎം നേതൃനിരയിൽ പി.രാജീവും കെ.എൻ ബാലഗോപാലും കൂടുതൽ സീനിയറാവുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഒരുപക്ഷേ അടുത്ത സമ്മേളനത്തിൽ ഇവർ പോളിറ്റ് ബ്യൂറോയിലേക്ക് എത്താനുള്ള സാധ്യതകളും ചർച്ചയാവുകയാണ്.