ഉത്തര കൊറിയന്‍ തലവൻ കിം ജോങ് ഉന്‍ മകൾക്കൊപ്പം ആദ്യമായി പൊതുവേദിയില്‍. മിസൈല്‍ പരീക്ഷണം കാണാന്‍ കിമ്മിന്റെ കൈപിടിച്ച് എത്തിയ മകളുടെ ചിത്രം വൈറലായി. രണ്ടു പെണ്മക്കളും ഒരു മകനുമാണ് കിമ്മിന് ഉള്ളതെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കിമ്മിന്റെ മകളുടെ ചിത്രം ആദ്യമായി പുറത്തുവരുന്നതും.
ദീർഘദൂരം സഞ്ചരിച്ച് അമേരിക്കയിൽ വരെ ആക്രമണം നടത്താൻ കഴിയുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം കഴിഞ്ഞ ദിവസം നടത്തിയപ്പോഴായിരുന്നു ഇരുവരും കാണാനെത്തിയത്. വെള്ളിയാഴ്ച്ച നടന്ന ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജൂവും പങ്കെടുത്തിരുന്നുവെന്നാണ് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
2013ല്‍ കൊറിയ സന്ദര്‍ശിച്ച അമേരിക്കന്‍ മുന്‍ ബാസ്ക്കറ്റ് ബോള്‍ താരം ഡെന്നിസ് റോഡ്മാന് കിമ്മിന് ‘ജു ഏ’ എന്ന് പേരുള്ളൊരു മകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയ പരീക്ഷിച്ച പുതിയ മിസൈലിന്റെ പേര് ഹ്വാസോങ്17 എന്നാണെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. 999.2 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന മിസൈൽ പ്യോങ്യാങ് ഇന്റര്‍നാഷണല്‍ എയര്‍ഫീല്‍ഡില്‍ നിന്നാണ് വിക്ഷേപിച്ചത്.