കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകർ ഖാലിദ് റഹ്മാനെയും, അഷ്റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും പുറത്താക്കി. അതിനിടെ കേസിൽ സംവിധായകനും ക്യാമറാമാനുമായ സമീർ താഹിറിനെ ചോദ്യം ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് എക്സൈസ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചിയിലെ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നും എക്സൈസ് സംഘം ഖാലിദ് റഹ്മനെയും അഷ്റഫ് ഹംസയേയും പിടികൂടിയത്. ഇവർക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നൊരാളും പിടിയിലായിരുന്നു. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഇവിടെ റെയ്ഡിന് എത്തിയത്. നേരത്തേയും ഈ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എക്സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നു എന്ന് സംവിധായകർ മൊഴി നൽകിയതായാണ് വിവരം. ലഹരി ഉപയോഗിക്കുന്ന കൂടുതൽ നടന്മാരുടെയും മറ്റും പേരുകൾ ഇവർ വെളിപ്പെടുത്തിയതായും സൂചനയുണ്ട്.
ഫ്ലാറ്റിൽ നിന്നും പിടികൂടുന്ന സമയത്ത് ഇവർ മുൻനിര സംവിധായകർ ആണെന്ന് എക്സൈസിന് മനസില്ലായില്ലായിരുന്നില്ല. മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ ഡ്രൈവറുടെ വേഷം ചെയ്തിരുന്നു എന്നാണ് ഖാലിദ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീട് ആണ് ഇവർ പ്രമുഖ യുവ സംവിധായകരാണ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് മനസിലായത്.