കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് സുപ്രീംകോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേട്ടു. കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് കോടതി പറഞ്ഞു. ഈ മാസം 28ന് വിഷയത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നും അറിയിച്ചു.
പേവിഷ ബാധയ്ക്കെതിരായ വാക്സീൻ സ്വീകരിച്ച ശേഷവും നായയുടെ കടിയേറ്റ ആളുകൾ മരിക്കുന്ന അവസ്ഥയും അഭിഭാഷകനായ വി കെ ബിജു കോടതിയെ അറിയിച്ചു. ഈ കാരണത്താൽ തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ശല്യമുണ്ടാക്കുന്ന തെരുവ് നായകളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി.
വാദങ്ങൾ വിശദമായി കേട്ട കോടതി അപകടമുണ്ടാക്കുന്ന നായകളേയും അല്ലാത്ത തെരുവ് നായകളേയും രണ്ടായി തിരിച്ച് പാർപ്പിക്കാൻ സൗകര്യമൊരുക്കിക്കൂടെയെന്ന് ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വിഷയം വിശദമായി പരിശോധിക്കാൻ ഈ മാസം 28ന് ഇടക്കാല ഉത്തരവിറക്കും. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പായി സമർപ്പിക്കണം. വിഷയത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.