കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം അന്തരിച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പുരില്‍ എത്തിയപ്പോഴായിരുന്നു ആലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) മരിച്ചത്. ഇന്ന് രാവിലെ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയ ചാമ്പ്യന്‍ഷിപ്പിന് എത്തിയ കേരളാ താരങ്ങള്‍ക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്നാണ് റിപ്പോർട്ട്. ടീമംഗങ്ങൾക്ക് താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കാന്‍ ദേശീയ ഫെഡറേഷന് തയാറായില്ലെന്നും ആരോപണമുണ്ട്. രണ്ട് ദിവസം മുമ്പാണ് കേരള താരങ്ങൾ നാഗ്പുരില്‍ എത്തിയത്.
കോടതിയുടെ പ്രത്യേക ഉത്തരവോടെ മത്സരിക്കാന്‍ മാത്രമാണ് ടീം എത്തിയതെന്നും ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കാനാകില്ലെന്നും ഫെഡറേഷന് നിലപാടെടുത്തിരുന്നു. മിതമായ താത്കാലിക സൗകര്യങ്ങൾ ആണ് കുട്ടിയുടെ ആരോഗ്യനില വഷളാവാൻ കാരണമായതെന്നും ആരോപണമുണ്ട്.