തിരുവനന്തപുരം: ആഗസ്റ്റിലെ മഴ ക്ഷാമം മറികടന്ന് സെപ്തംബർ. സെപ്തംബറിൽ ലഭിക്കേണ്ട ശരാശരി മഴയിലും കൂടുതൽ ഇതിനോടകം സംസ്ഥാനത്ത് ലഭിച്ചത്. സാധാരണ സെപ്തംബറിൽ കേരളത്തിൽ കിട്ടേണ്ടത് 272.7 മി.മി മഴയാണ്. ഇതുവരെ 274.6 മി.മീ മഴയാണ് കിട്ടിയത്. ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട്, കോട്ടയം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സെപ്റ്റംബർ ലഭിക്കേണ്ട മഴ മുഴുവൻ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റിൽ ലഭിക്കേണ്ട മഴയിൽ 87 ശതമാനം കുറവാണ് ഉണ്ടായത്. ജൂലൈയിൽ ഒൻപത് ശതമാനവും ജൂണിൽ 60 ശതമാനവും മഴക്കുറവുണ്ടായിരുന്നു.
- ജൂൺ 260.3 ( 648) 60 ശതമാനം കുറവ്
- ജൂലൈ 592 ( 653) ഒൻപത് ശതമാനം കുറവ്
- ഓഗസ്റ്റ് 60 ( 445) 87 ശതമാനം കുറവ്
അതേസമയം സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. . ഇന്ന് (20.09.2023) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിനു സമീപം ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 ദിവസം ജാർഖണ്ഡിന് മുകളിലൂടെ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. കച്ച്ന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുമുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.