തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തുടരുന്ന കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. എല്ലാ ജില്ലകളിലും ഒരു പോലെ മഴക്കെടുതികളുണ്ടായി. നിരവധി വീടുകളാണ് കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും മണ്ണിടിച്ചിലിലും മരം വീണും തകർന്നത്. മലപ്പുറത്തും തൃശ്ശൂരിലും മിന്നൽ ചുഴലിയും റിപ്പോർട്ട് ചെയ്തു. തൃശ്ശൂരിലെ ആമ്പല്ലൂരിലും കല്ലൂരിലും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനമുണ്ടായത് ആശങ്ക സൃഷ്ടിച്ചു.
ഇന്ന് കനത്ത മഴ പെയ്ത കാസർകോട്, കണ്ണൂർ, കോഴിക്കോട്,പാലക്കാട്, തൃശ്ശൂർ, കോട്ടയം, ഇടുക്കി, ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മലപ്പള്ളി താലൂക്കുകളിലും ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടിയിൽ മിന്നൽ ചുഴലി ആഞ്ഞടിച്ചത്. മൂന്ന് മിനിറ്റോളം നീണ്ടു നിന്ന അതിശക്തമായ കാറ്റിൽ കൊണ്ടോട്ടി ഒമാനൂർ, കൊടക്കാട് പ്രദേശങ്ങൾ വിറകൊണ്ടു. അതിശക്തമായ കാറ്റിൽ നിരവധി മരങ്ങളാണ് കടപുഴകി വീണത്. പതിനഞ്ചിലേറെ വീടുകൾക്ക് കേടുപാട് സംഭവിച്ചുവെന്നാണ് ലഭ്യമായ വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണായി തകരാറിലായി. മിന്നൽ ചുഴലിയിൽ ആർക്കും പരിക്കുള്ളതായി വിവരമില്ലെന്ന് അധികൃതർ പറഞ്ഞു. വീടുകൾക്ക് മേൽ മരങ്ങൾ നാട്ടുകാർ തന്നെ അതിവേഗം നീക്കം ചെയ്തു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ചാലക്കുടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ചാലക്കുടിയിലെ കൂടപ്പുഴ മേഖലയിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് വീശിയത്. ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ടെസ്ല ലാബിന് മുൻപിലെ മാവ് കടപുഴകി വീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു. ട്രാം വേ റോഡിൽ മരം വീണ് ലോറിയുടെ ചില്ല് തകർന്നു. ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലും വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് രാവിലെ എട്ടേ കാലോടെ ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം അനുഭവപ്പെട്ടത്. രണ്ട് സെക്കൻഡ് മാത്രമാണ് പ്രതിഭാസം നീണ്ടു നിന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും ഇതേക്കുറിച്ച ഭൗമശാസ്ത്രവിഭാഗം പഠനം നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മലപ്പുറം നിലമ്പൂരിലെ കുതിരപ്പുഴയിൽ ഒഴുക്കിൽ പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരിൽ രണ്ടു പേരെ കണ്ടെത്താനായില്ല. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകക്കു താമസിക്കുന്ന കുടുംബമാണ് ഒഴുക്കിൽ അകപ്പെട്ടത്. സുശീല (60), അനുശ്രീ (12) എന്നിവരാണ് ഒഴുക്കിൽപെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു.
ആലപ്പുഴ തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് തിങ്കളാഴ്ച കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആർഇയുടെ എസ്കവേറ്റർ ജീവനക്കാരനായ ബീഹാർ സ്വദേശി രാജ്കുമാറാണ് മരിച്ചത്.
പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടർ 15 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 90 സെന്റീമീറ്ററുമാണ് തുറന്നത്.
നിലവിലെ മഴ അലർട്ടുകൾ –
റെഡ് അലർട്ട് –
ഇടുക്കി
ഓറഞ്ച് അലർട്ട് –
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട് –
തിരുവനന്തപുരം, കൊല്ലം
നാളത്തെ മഴ അലർട്ട്
ഓറഞ്ച് – ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്,