ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി പ്രീസീസണ് മത്സരങ്ങൾ കളിക്കാന്‍ ദുബായിലെത്തിയ കേരള ബ്ളാസ്റ്റേഴ്ട് ടീം മടങ്ങി. 20 ദിവസം നീണ്ടുനിന്ന പരിശീലനത്തിന് ശേഷമാണ് ബ്ളാസ്റ്റേഴ്സ് താരങ്ങൾ കേരളത്തിലേക്ക് വിമാനം കയറിയത്. കൊടും ചൂടില്‍ ദുബായിലെ പരിശീലന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.
പരിശീലനത്തിനായി ബ്ളാസ്റ്റേഴ്സിനെ ദുബായിലെത്തിച്ച എച്ച് 16 സ്പോർട്സിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടെ യാത്രയാക്കാന്‍ നിരവധി ആരാധകരും തടിച്ചുകൂടി. കോച്ച് ഇവാൻ വുകുമിനോവിചിന്റെ നേതൃത്വത്തിൽ മുപ്പത്തിയെട്ട് അംഗ ടീമാണ് പരിശീലനത്തിന് എത്തിയത്. നായകൻ അഡ്രിയൻ ലൂണയും ടീമിനൊപ്പമുണ്ടായിരുന്നു. ദുബായ് അൽ നസ്ർ ക്ലബ് ഗ്രൗണ്ടിലാണ് ടീമിന് പരിശീലനം ഏര്‍പ്പെടുത്തിയത്.
ദുബായിെല അൽ നസ്ർ ക്ലബ്, ഹത്ത എഫ്.സി, ദിബ്ബ ക്ലബ് എന്നിവരുമായി മത്സരങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയത് തിരിച്ചടിയായി. വിലക്ക് മാറിയ ശേഷം റാസൽ ഖൈമയിലെ അൽ ജസീറ ക്ലബ്ബുമായി ബ്ളാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിച്ചിരുന്നു. അതേസമയം ദുബായിലെ പരിശീലന സൗകര്യങ്ങളിൽ പൂർണ തൃപ്തരാണെന്ന് ബ്ളാസ്റ്റേഴ് താരങ്ങൾ വ്യക്തമാക്കി.
ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. കൊച്ചി കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്ളാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. പുതിയ ആത്മ വിശ്വാസവുമായ കളത്തിലിറങ്ങുന്ന കേരളാ ബ്ളാസ്റ്റേഴ്സിന് ദുബായിലെ പരിശീലനം സീസണില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.