ശ്രീനഗർ: ജമ്മു കശ്മീരിലെ ഭൂരഹിതർക്ക് പിഎംഎവൈ-ജി പദ്ധതി പ്രകാരം ഭൂമി അനുവദിച്ചതിന് പിന്നാലെ ഈ ഭൂമി കശ്മീരി പണ്ഡിറ്റുകൾക്ക് അനുവദിക്കാനൊരുങ്ങി ജമ്മു കശ്മീർ ഭരണകൂടം പണ്ഡിറ്റ് സമുദായത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് ഇളവുകളോടെ ഭൂമി വാങ്ങാൻ അവസരം നൽകാനാണ് ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. കാശ്മീർ താഴ്വരയിലെ പണ്ഡിറ്റ് വിഭാഗത്തിൻ്റെ പുനരധിവാസം ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ശ്രീനഗറിലെ സർക്കാർ ജീവനക്കാർക്ക് സ്വന്തമായി വീട് പണിയുന്നതിന് കുറഞ്ഞ നിരക്കിലോ സബ്സിഡി നിരക്കിലോ ഭൂമി നൽകാൻ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് സിൻഹ പ്രഖ്യാപിച്ചു. രാമനവമി ദിനത്തിൽ ജമ്മുവിലെ ദേവി അംഗൻ തൽവാളിൽ നിർമ്മാണത്തിലിരിക്കുന്ന ഭദേർകാളി ക്ഷേത്രത്തിലെത്തി കശ്മീരി പണ്ഡിറ്റുകളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിങ്ങൾക്ക് കശ്മീരിൽ സ്ഥിരമായി ജീവിക്കാൻ കഴിയുന്ന തരത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് – ലഫ്റ്റനന്റ് ഗവർണർ പണ്ഡിറ്റുകളോട് പറഞ്ഞു. കശ്മീരി പണ്ഡിറ്റ് സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സമുദായത്തിലെ അംഗങ്ങൾക്ക് ഡിവിഷണൽ കമ്മീഷണർ, എഡിജിപി, ഐജിപി, ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുമായും പ്രശ്നങ്ങൾ ഉന്നയിക്കാം, അവരുടെ കാര്യങ്ങൾ മുൻഗണനാക്രമത്തിൽ പരിഗണിക്കും”.
താഴ്വരയിലെ പണ്ഡിറ്റ് ജീവനക്കാർക്ക് പൂർത്തിയാക്കിയ ട്രാൻസിറ്റ് താമസസൗകര്യങ്ങൾ ക്രമമായി അനുവദിക്കുന്നതിന് ലഫ്റ്റനന്റ് ഗവർണർ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കമ്മീഷണർക്ക് കെ കെ സിദ്ധയോട് നിർദ്ദേശിച്ചു. കുടിയേറ്റ പണ്ഡിറ്റ് ജീവനക്കാരെ പാർപ്പിക്കാൻ മധ്യ, തെക്ക്, വടക്കൻ കശ്മീരിലെ പല സ്ഥലങ്ങളിലും സർക്കാർ ട്രാൻസിറ്റ് താമസസൗകര്യങ്ങൾ സ്ഥാപിച്ചിരുന്നു. 1990-ൽ ജമ്മു കശ്മീരിൽ തീവ്രവാദം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ നിന്ന് കൂട്ടത്തോടെ ജമ്മുവിലേക്കും ന്യൂഡൽഹിയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പലായനം ചെയ്തിരുന്നു.