ബോളിവുഡ് താരദമ്പതികളെ പ്രതിക്കൂട്ടിലാക്കി നടി കങ്കണ റണാവത്തിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ. ബോളിവുഡിലെ ഒരു കാസനോവ തന്നെ എല്ലായ്പ്പോഴും രഹസ്യമായി പിന്തുടരുന്നുവെന്നും നടിയായ ഭാര്യയുടെ പിന്തുണയോടെയാണ് അയാൾ ഇതെല്ലാം ചെയ്യുന്നതെന്നുമാണ് കങ്കണ ആരോപിക്കുന്നത്. എന്നാൽ താരദമ്പതികൾ ആരാണെന്ന് കങ്കണ വെളിപ്പെടുത്തിയിട്ടില്ല.
ബോളിവുഡിൽ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോൾ ‘സ്വജനപക്ഷപാത മാഫിയ സംഘത്തിൻ്റെ വൈസ് പ്രസിഡൻ്റായ’ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും സ്വന്തം വീട്ടിൽ വരെ ചാരപ്രവർത്തനം നടത്തുകയാണെന്നും കങ്കണ ആരോപിക്കുന്നു. വാട്സാപ് വിവരങ്ങളും പ്രഫഷനൽ ഇടപാടുകളും വ്യക്തിവിവരങ്ങളുമെല്ലാം ചോർത്തുകയാണെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കങ്കണ ഉയർത്തുന്നത്.
‘‘പാപ്പരാസികൾ പോലും വലിയ വാർത്തകൾ ഉണ്ടെങ്കിലേ താരങ്ങളെ സന്ദർശിക്കാനെത്താറുള്ളൂ. അഭിനേതാക്കൾക്ക് ഫോട്ടോ എടുത്തുകൊടുക്കാൻ പണം ഈടാക്കുന്നതുവരെ തുടങ്ങിയിട്ടുണ്ട്. എൻ്റെ ടീമോ ഞാനോ അവർക്ക് പണം നൽകുന്നില്ലെങ്കിൽ പിന്നെ ആരാണ് ഇവർക്ക് പണം നൽകുന്നത്? രാവിലെ 6:30 ന് വരെ ചിത്രം എടുക്കുന്നു. അവർക്ക് എങ്ങനെയാണ് എൻ്റെ ഷെഡ്യൂൾ ലഭിക്കുന്നത്? ഈ ചിത്രങ്ങൾ കൊണ്ട് അവർ എന്താണ് ചെയ്യുന്നത്? ഇപ്പോൾ ഞാൻ അതിരാവിലത്തെ കൊറിയോഗ്രഫി പ്രാക്ടീസ് സെഷൻ പൂർത്തിയാക്കി. സ്റ്റുഡിയോയിലേക്ക് വരാൻ ആർക്കും സൂചന നൽകിയിരുന്നില്ല. ഞായറാഴ്ചയായിട്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. എൻ്റെ വാട്ട്സാപ് വിവരങ്ങളും പ്രഫഷനൽ ഡീലുകളും വ്യക്തിജീവിത വിവരങ്ങൾ പോലും ചോർന്നതായി എനിക്കുറപ്പുണ്ട്. ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ (ശാരീരികബന്ധത്തിന്) നിർബന്ധിച്ച, സ്വജനപക്ഷപാത മാഫിയയുടെ കോമാളി വേഷം കെട്ടിയയാളാണ് അയാൾ. പ്രശസ്തനായ സ്ത്രീലമ്പടനും കാസനോവയുമാണ്. ഇപ്പോൾ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡൻ്റുുമാണ്.”
ഈ നടൻ ഭാര്യയെ നിർമാതാവാകാനും കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും തന്നെപ്പോലെ വസ്ത്രം ധരിക്കാനും താൻ ചെയ്തപോലെ വീടിൻ്റെ ഇൻ്റീരിയർ ചെയ്യാനും വരെ നിർബന്ധിക്കുകയാണ്. തൻ്റെ സ്വന്തം സ്റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുന്നു. വർഷങ്ങളായി തൻ്റെ സ്റ്റൈലിസ്റ്റായിരുന്നവർ ഇപ്പോൾ തനിക്കൊപ്പം ജോലി ചെയ്യാൻ വിസമ്മതിക്കുന്നു. ഈ ശല്യപ്പെടുത്തുന്ന രീതിയെ ഭാര്യ പ്രോത്സാഹിപ്പിക്കുന്നു. മുൻപ് തൻ്റെ സഹോദരൻ്റെ വിവാഹ സൽക്കാരത്തിന് ഉടുത്തിരുന്ന അതേ സാരി അവളുടെ വിവാഹത്തിനു പോലും അവൾ ധരിച്ചു. ഇത് വിചിത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി അറിയുന്ന സിനിമാ വസ്ത്രാലങ്കാരം ചെയ്യുന്ന ഒരു സുഹൃത്ത് (ഉറ്റ സുഹൃത്ത്) അടുത്തിടെ തന്നോട് മോശമായി പെരുമാറി. യാദൃച്ഛികമെന്നോണം അവൻ ഇപ്പോൾ ഈ ദമ്പതികൾക്കൊപ്പമാണ് ജോലി ചെയ്യുന്നത്. തനിക്ക് ഫണ്ട് നൽകുന്നവരോ ബിസിനസ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകൾ ഉപേക്ഷിക്കുന്നു.- കങ്കണ ആരോപിക്കുന്നു.
”എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിൽ ആക്കാനുമാണ് അയാൾ ശ്രമിക്കുന്നത്. അതേസമയം, ഒരേ ഫ്ലാറ്റിൽ തന്നെ അവളെ മറ്റൊരു നിലയിലേക്ക് മാറ്റിയിരിക്കുകയാണ് അയാൾ. ഒരേ കെട്ടിടത്തിൽ വേർപിരിഞ്ഞാണ് അവർ ജീവിക്കുന്നത്. ഇത് അംഗീകരിക്കരുതെന്നും അവനുമേൽ ഒരു കണ്ണു വേണമെന്നുമാണ് അവളോട് എനിക്ക് പറയാനുള്ളത്. ഈ വിവരങ്ങളെല്ലാം എങ്ങനെയാണ് അയാൾക്ക് കിട്ടുന്നത്? എന്തുപണിയാണ് അയാൾ ചെയ്യുന്നത്? അയാൾക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അത് അവളെയും അവരുടെ കുഞ്ഞിനെയും ഉൾപ്പടെ ബാധിക്കും. നിയമവിരുദ്ധമായ ഒന്നിലും ഏർപ്പെടുന്നില്ലെന്ന് അവൾ ഉറപ്പാക്കണം. പ്രിയപ്പെട്ടവൾക്കും നിൻ്റെ കുഞ്ഞിനും നിറയെ സ്നേഹം.’’–കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
കങ്കണയുടെ സ്റ്റോറിക്ക് പിന്നാലെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ. രൺബീർ കപൂർ-ആലിയ ഭട്ട് ദമ്പതികൾക്കെതിരെയാണ് ആരോപണമെന്നാണ് ബോളിവുഡ് ആരാധകർ വിരൽചൂണ്ടുന്നത്. ഇതിനുമുൻപും ഇവർക്കെതിരെ കങ്കണ രംഗത്ത് വന്നിരുന്നു.