വേണ്ടി വന്നാൽ മുഷ്ടി ചുരുട്ടി മലയാളത്തില്‍ മുദ്രാവാക്യം വിളിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കോൺഗ്രസ് ദേശീയ നേതാവ് കനയ്യകുമാര്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയപ്പോഴായിരുന്നു കനയ്യകുമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചത്. ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ…മോദി സര്‍ക്കാര്‍ തുലയട്ടെ…അഭിവാദ്യങ്ങള്‍…രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍. കനയ്യ വിളിച്ച് കൊടുത്ത ഈ മുദ്രാവാക്യം യാത്രാംഗങ്ങള്‍ ഏറ്റുവിളിച്ചതോടെ റാലി ആവേശകരമായി. യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനകം പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു.
Look who !!
കനയ്യ കുമാർ മലയാളത്തിൽ മുദ്രാവാഖ്യവുമായി #BharatJodoYatra pic.twitter.com/6XZ6uVVbul
— IYC Kerala (@IYCKerala) September 11, 2022
പാറശ്ശാലയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്കി സ്വീകരിച്ചു. കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യാത്രയ്ക്ക് തുടക്കമായത്. 11മണിക്ക് നെയ്യാറ്റിന്‍കരയില്‍ അവസാനിച്ച യാത്ര വൈകിട്ട് 4 ന് വീണ്ടും പര്യടനം തുടർന്നു. ഇടവേളയില്‍ കൈത്തറി തൊഴിലാളികളുമായി രാഹുല്‍ ആശയ വിനിമയം നടത്തി.
ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ത്തുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഇതാണോ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെയ്യേണ്ടതെന്നും ഭാരത് ജോഡോ യാത്രക്ക് നല്കിയ സ്വീകരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.