സനാതന ധര്‍മത്തെ തുടച്ചു നീക്കണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പിന്തുണയുമായി നടന് കമല്ഹാസന്. സ്വന്തം അഭിപ്രായം പറയാന്‍ ഉദയനിധി സ്റ്റാലിന് അവകാശമുണ്ട്. അതിനോട് വിയോജിപ്പുണ്ടെങ്കില്‍ ഭീഷണിപ്പെടുത്തുകയോ അക്രമങ്ങള്‍ നടത്തുകയോ അല്ല വേണ്ടതെന്നും ആരോഗ്യകരമായ ചര്‍ച്ചകളാണ് എന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ പുരോഗതിക്ക് പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നും കമല്ഹാസന് എക്സില്‍ കുറിച്ചു.
കമല്‍ഹാസന്റെ വാക്കുകള്‍
ജനങ്ങള്‍ക്ക് വിയോജിക്കാനും തുടര്‍ച്ചയായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും സാധിക്കുന്ന സാഹചര്യമാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മുഖമുദ്ര.
ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഉത്തരങ്ങള്‍ സംഭാവന ചെയ്യുകയും അത് ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്നാണ് ചരിത്രം നമ്മളെ എക്കാലത്തും പഠിപ്പിച്ച പാഠം.
സനാതന ധര്‍മത്തെക്കുറിച്ച് തന്റേതായ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താന്‍ ഉദയനിധി സ്റ്റാലിന് അര്‍ഹതയുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ ഭീഷണിയോ അക്രമമോ നിയമപരമായി പേടിപ്പെടുത്തലുകളോ സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി വാക്കുകള്‍ വളച്ചൊടിക്കുകയോ ചെയ്യുന്നതിന് പകരം ഗുണകരമായ ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടത്.
ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കുള്ള ഇടമായി നിലകൊള്ളുന്ന നാടാണ് തമിഴ്നാട്. അത് അങ്ങനെ തന്നെയായി തുടരുകയും ചെയ്യും. തുല്യതയും പുരോഗതിയും നിലനിര്‍ത്തുന്നതിന് പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന, ചേര്‍ച്ചയുള്ള ഒരു സമൂഹത്തിനായി ക്രിയാത്മകമായ ചര്‍ച്ചകള്‍ ഇനിയും നടത്തണം.