മോന്സന് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞ സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് പരാതി നല്കാന് കെ സുധാകരന്.
പാര്‍ട്ടി സെക്രട്ടറി കൂടിയായ എം വി ഗോവിന്ദനും പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കുമെതിരെയാണ് കേസ് നല്‍കുക. അതേസമയം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നില്ലെന്നും സുധാകരന് അറിയിച്ചു. കെ സുധാകരന് നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡും നേതാക്കളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.
ചോദ്യം ചെയ്യലിന് ശേഷം താന്‍ പരിപൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും കേസില്‍ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മോന്സണ് മാവുങ്കല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരനും സ്ഥലത്തുണ്ടായിരുന്നു എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന. ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഗോവിന്ദന്റെ പരാമര്‍ശം.
എന്നാല്‍ പെണ്‍കുട്ടി അത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്ന് തന്നെ ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. സുധാകരനെതിരായി യാതുന്നും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.