ഖത്തർ ലോകകപ്പിൽ നടന്ന സെമി ഫൈനലിൽ ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീനയുടെ ഉജ്വല പ്രകടനമാണ് ലോകം കണ്ടത്. അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ച ലയണല്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന 22 കാരനും കൂടി ചേർന്നപ്പോൾ മൂന്ന് ഗോളുകൾ നേടി ടീം ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ചു. രണ്ട് ഗോളുകളാണ് അല്‍വാരസ് നേടിയത്. അതില്‍ രണ്ടാമത്തെ ഗോളിലേക്ക് വഴിയൊരുക്കിയത് സാക്ഷാൽ ലയണല്‍ മെസ്സിയും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന ജൂലിയൻ അല്‍വാരസിന്റെ ആദ്യ ലോകകപ്പ് മത്സരമാണിത്.
ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ അല്‍വാരസ് പത്ത് വര്‍ഷങ്ങൾക്ക് മുൻപ് മെസ്സിക്കൊപ്പമെടുത്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിക്കാലത്ത് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ച് എത്തിയ അല്‍വാരസിനൊപ്പം മെസ്സി ഫോട്ടോക്ക് പോസ് ചെയ്തു. എന്നാൽ കൃത്യം പത്ത് വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുഞ്ഞ് ആരാധകൻ ഇന്ന് അര്‍ജന്റീനക്കായി മെസിയ്ക്കൊപ്പം നിന്നുകൊണ്ട് മെസ്സി നൽകിയ പാസ്സിൽ നേടിയ ഗോളുകളാണ് കയ്യടി നേടുന്നത്. പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ ഫ്രാബ്രിസിയോ റൊമാനോയാണ് മെസ്സിക്കൊപ്പമുള്ള അൽവാരസിന്റെ ഈ പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസി കളിക്കളത്തിൽ നിറഞ്ഞുനിന്നു. അതേസമയം കളിക്കളത്തിൽ അൽവാരസ് നേടിയ സോളോ ഗോളിന് ഗാലറിയിൽ കൈയ്യടിക്കുന്ന ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ ചിത്രവും ആരാധകർക്ക് ആവേശം നൽകിയിട്ടുണ്ട്. 42 കാരനായ റൊണാള്‍ഡീഞ്ഞോ ലുസൈൽ സ്റ്റേഡിയത്തിലെ വിഐപി സീറ്റിൽ കൈയ്യടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. എന്നാൽ 22 കാരനായ അൽവാരസിൻ്റെ ഈ അതുഗ്രൻ സോളോ ഗോൾ 1986ൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഗോളിന് സമാനമാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.