കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ. രാഹുൽ ഗാന്ധി തുറന്നത് സ്നേഹത്തിന്റെ കടയല്ല, മറിച്ച് വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ ആണെന്നാണ് നഡ്ഡയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ രാഹുൽ ഗാന്ധി യു എസ്സിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒൻപത് വർഷത്തെ മോദി സർക്കാർ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതാണ് രാഹുൽ ഇപ്പോഴും വിമർശിച്ച് കൊണ്ടേയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“മറ്റു രാജ്യങ്ങളിൽ നിർമ്മിച്ച വാക്സിനുകളെ അദ്ദേഹം പ്രകീർത്തിക്കുന്നു. എന്നാൽ സ്വന്തം നാട്ടിലെ നിർമ്മിതികളെ വിമർശിക്കുന്നു. സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് അദ്ദേഹം ചോദ്യമുന്നയിക്കുന്നു.ഇവിടുത്തെ ആളുകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്നേഹത്തിന്റെ കടയെ കുറിച്ച് അദ്ദേഹം പരാമർശിക്കുന്നു. എന്നാൽ അദ്ദേഹം തുറന്നത് വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ ആണ്” – നഡ്ഡ ആരോപിച്ചു.
ഇന്ത്യയെന്ന കാർ, റിയർ വ്യൂ മിററിൽ നോക്കിയൊടിക്കുന്ന പ്രധാനമന്ത്രി ഒന്നിന് പുറകെ ഒന്നായി അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണെന്നും ബിജെപി ക്കും ആർ എസ്സ് എസ്സിനും കെൽപ്പില്ലെന്നും ഭൂതകാലത്ത് നോക്കിയാണ് അവർ വണ്ടിയോടിക്കുന്നത് എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.