അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശക സമിതിയിലേക്ക് രണ്ട് ഇന്ത്യൻ വംശജരെ കൂടി ഉൾപ്പെടുത്തി. ഫ്ലെക്സ് സിഇഒ രേവതി അദ്വൈതിയും നാചുറൽ റിസോഴ്സ് ഡിഫൻസ് കൗൺസിൽ പ്രസിഡന്റും സിഇഒയുമായ മനീഷ് ബപ്നയുമാണ് ബൈഡന്റെ ഉപദേശക സമിതിയിൽ ഇടം നേടിയ ഇന്ത്യൻ വംശജർ. ട്രേഡ് പോളിസി ആൻഡ് നെഗോസിയേഷൻ അഡ്വൈസറി കമ്മിറ്റിയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ഇവർ ഉൾപ്പെടെ 14 പേർ അഡ്വൈസറി കമ്മിറ്റിയിലുണ്ട്.
ഈ അംഗങ്ങൾക്ക് ഫെഡറൽ ഇതര ഗവൺമെന്റുകൾ, തൊഴിൽ, വ്യവസായം, കൃഷി, ചെറുകിട ബിസിനസ്, സേവന വ്യവസായങ്ങൾ, ചില്ലറ വ്യാപാരികൾ, സർക്കാരിതര പരിസ്ഥിതി, സംരക്ഷണ സംഘടനകൾ, ഉപഭോക്തൃ താൽപ്പര്യങ്ങൾ എന്നിവയുൾപ്പെടെ പൊതുവായ വ്യാപാരം, നിക്ഷേപം, വികസനം എന്നീ വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുണ്ട്.
2019 മുതൽ ഫ്ലെക്സിന്റെ ഭാഗമാണ് രേവതി. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിസൈനുകൾ തയാറാക്കുകയും ഉൽപന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന രാജ്യാന്തര സ്ഥാപനമാണ് ഫ്ലെക്സ്. നിർമാണമേഖലയിൽ കമ്പനിയ്ക്ക് പുതിയ മാറ്റങ്ങൾ കൈവരിക്കാൻ സാധിച്ചതിൽ രേവതിയ്ക്ക് പ്രധാന പങ്കുണ്ട്. കൂടാതെ സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടിത്തം, വിതരണ ശൃംഖല, വിവിധ വ്യവസായങ്ങളിലും വിപണികളിലും സ്ഥിരതയാർന്ന നിർമ്മാണ പരിഹാരങ്ങൾ എന്നിവയിലാണ് രേവതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതേസമയം പാരിസ്ഥിതിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും നാഴികക്കല്ലായ നിയമ പോരാട്ടങ്ങൾക്കും മറ്റ് അടിസ്ഥാന ഗവേഷണങ്ങൾക്കും സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് നാചുറൽ റിസോഴ്സ് ഡിഫൻസ് കൗൺസിൽ (എൻആർഡിസി). സുസ്ഥിര വികസന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ് എൻആർഡിസിയുടെ സിഇഒ യായ മനീഷ് ബപ്ന. കൂടാതെ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡബ്ല്യുആർഐ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും മാനേജിംഗ് ഡയറക്ടറായും 14 വർഷത്തിലേറെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . 25 വർഷത്തെ കരിയറിൽ ദാരിദ്ര്യത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മൂലകാരണങ്ങൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അവയെ സുസ്ഥിരമായ തന്ത്രങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തികൂടിയാണ് മനീഷ് ബപ്ന.