ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന കോര്‍ട്ട് റൂം ഡ്രാമ നേര് നാളെയാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ അഡ്വ. വിജയ മോഹന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. പൊതുവെ ശാന്തനും സൗമ്യനുമായ കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിജയ മോഹന്റേതെന്ന് ജീത്തു ജോസഫ് എഡിറ്റോറിയലിനോട് പറഞ്ഞു.
ലാലേട്ടന് അടുത്ത കാലത്തൊന്നും ചെയ്യാത്ത കഥാപാത്രം
നേരിന്റെ സബ്ജക്ട് ഡെവലപ്പ് ചെയ്ത് വന്നപ്പോള്‍ വിജയ മോഹന്‍ എന്ന കഥാപാത്രം മോഹന്‍ലാല്‍ അല്ല ആര് ചെയ്താലും അങ്ങനെ നിസഹായനായിരിക്കും. അത് ആ സിനിമ കാണുമ്പോള്‍ മനസിലാകും. ലാലേട്ടന് ആയത് കൊണ്ട് അങ്ങനെ നിസഹായനായൊരു കഥാപാത്രമാക്കിയതല്ല. എന്നാല്‍ ലാലേട്ടന് അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല എന്നതായിരുന്നു അതിന്റെ പ്രത്യേകത.
അഡ്വ. വിജയമോഹന് സൗമ്യനും ശാന്തനുമാണ്
ഇത് വളരെ റിയലിസ്റ്റിക് ആയ കോര്‍ട്ട്റൂം ഡ്രാമയാണ്. അതുകൊണ്ട് തന്നെ സാധാരണ കോര്‍ട്ട് റൂം ഡ്രാമയിലുണ്ടാകുന്ന അത്ര ഡ്രാമ ഉണ്ടാകില്ല. അതില്‍ തന്നെ അഡ്വക്കെറ്റ് വിജയ് മോഹന്റെ സംസാരവും രീതിയും എല്ലാം ആ ഒരു പാറ്റേണിലാണ്. അത് പുള്ളിയുടെ കഥാപാത്രത്തിന്റെ ഭാഗമാണ്. പക്ഷെ ചില സാഹചര്യങ്ങളില്‍ പുള്ളി ക്ഷുഭിതനാകുമ്പോള്‍ ശബ്ദം ഉയര്‍ത്തിയേക്കാം. പക്ഷെ അങ്ങനെയുള്ള ചെറിയ മാറ്റങ്ങള്‍ വന്നാലും അദ്ദേഹത്തിന്റെ കഥാപാത്രം വളരെ സൗമ്യനും ശാന്തമായി സംസാരിക്കുന്ന ഒരു രീതിയിലുള്ളതാണ്.
ഇനിയെന്റെ കാസ്റ്റിംഗില്‍ മാറ്റം സംഭവിക്കും
എന്നെ സംബന്ധിച്ചെടുത്തോളം നമ്മുടെ മനസില്‍ വരുന്ന കഥാപാത്രത്തിന്റെ പ്രായം എല്ലാം നോക്കുമ്പോള്‍ അത് ലാല്‍ സാറിലേക്ക് എത്തുന്നതാണ്. പിന്നെ എനിക്ക് ലാല്‍ സാറുമായി ഇത്രയും ആക്സസ് ഉള്ളപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പോലൊരു ഫൈനസ്റ്റ് ആക്ടര്‍ നമ്മുടെ കയ്യില്‍ ഇരിക്കുമ്പോള്‍ നമ്മള് എപ്പോഴും ആദ്യം അദ്ദേഹത്തിന്റെ അടുത്ത് പോകാന്‍ അല്ലേ ശ്രമിക്കുകയുള്ളു. ഇനിയിപ്പോള്‍ കൂടുതലും എന്റെ കാസ്റ്റിംഗില്‍ മാറ്റങ്ങള്‍ സംഭവിക്കാം. കാരണം വേറെ സബ്ജക്ടുകളെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നുണ്ട്.
നേരിലുള്ളത് റിയലിസ്റ്റിക് കോടതി
നേര് ഇമോഷണല്‍ ഡ്രാമ എന്ന രീതിയിലെ ചെയ്യാന്‍ കഴിയുകയുള്ളു. സാധാരണ ഒരു ക്രൈം ത്രില്ലറില്‍ അതിന്റെ കുറ്റവാളി ആരാണെന്ന് അറിയാതെ പൊലീസ് അന്വേഷണം നടത്തുകയും പിന്നെ ട്വിസ്റ്റ് വരുകയുമെല്ലാം ചെയ്യും. എന്നാല്‍ നേരില്‍ ക്രൈം നടന്ന് സിനിമ തുടങ്ങി പത്ത് മിനിറ്റില്‍ തന്നെ അതിന്റെ കുറ്റവാളിയേയും കിട്ടി. ഇനി കോടതിയില്‍ പ്രതിഭാഗവും വാദിഭാഗവും അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നാണ് നമ്മള് കാണിച്ചിരിക്കുന്നത്. പിന്നെ കോടതി സീനുകള്‍ പരമാവധി റിയലസ്റ്റിക് ആക്കാനണ്. 100 ശതമാനവും നമുക്ക് ആ കോടതി റിയല്‍ ആക്കി കാണിക്കാന്‍ സാധിക്കില്ല. അത് ബോറടിക്കും.