മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ഇപ്പോഴിതാ 70% ത്തോളം കോടതി റിയാലിറ്റിയോട് സാമ്യം പുലര്‍ത്തുന്ന സിനിമയായിരിക്കും നേര് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. ചിത്രവുമായി ബന്ധപ്പട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.
ആദ്യ പത്തു മിനിറ്റില്‍ തന്നെ പ്രതി ആരാണ് ഇര ആരാണ് എന്ന് മനസിലാവും, പിന്നീട് അത് കോടതിയില്‍ എങ്ങനെ ആണ് അതിന്റെ പ്രൊസീജേഴ്സ് നടക്കുന്നത് എന്നതാണ് സിനിമ. 70% ത്തോളം കോടതി റിയാലിറ്റിയോട് സാമ്യം പുലര്‍ത്തുന്ന ഒരു സിനിമ ആണിത്
– ജീത്തു ജോസഫ്
മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററിലെത്തും. മൂന്നാം വര്‍ഷവും ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്ന പ്രത്യേകത കൂടി നേരിനുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാ ദേവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗതീഷ്, പ്രിയാമണി, അനശ്വര രാജന്, സിദ്ദിഖ്, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.