കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് സർവകലാശാലകൾക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന് സിപിഐ മുഖപത്രം ജനയുഗം. ജനാധിപത്യ, ഭരണഘടനാ വിരുദ്ധമാണ് ഗവർണറുടെ നടപടികളെന്നും താൻപ്രമാണിത്തമാണെന്ന് നടിക്കുകയാണെന്നും ‘ഗവര്‍ണറുടെ നിഴല്‍ യുദ്ധം’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.
കേരള സർവകലാശാലയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടായപ്പോഴൊന്നും അതിനെ അഭിനന്ദിക്കാതിരുന്ന ഗവർണർ ഇപ്പോൾ മനപ്പൂർവ്വം അതിന്റെ കീർത്തി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടി വരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ടെന്നും സിപിഐ മുഖപത്രം വ്യക്തമാക്കി.
മുഖപ്രസംഗം ഇങ്ങനെ: ”ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തെരഞ്ഞെടുക്കപ്പെട്ടതും നിയമപരമായി നിയമിക്കപ്പെടുന്നതുമായ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചും മുന്നോട്ടുപോകുകയാണ് ഗവര്‍ണര്‍. കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് സമീപ ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.”
”സംസ്ഥാന ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന വിധം കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തുന്നതിന് സന്നദ്ധനായി. പ്രതിസന്ധി ഒഴിവാക്കുവാന്‍ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ച് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായപ്പോഴാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.”
”കണ്ണൂര്‍, കേരള സര്‍വകലാശാലകള്‍ക്കെതിരെയാണ് ഗവര്‍ണര്‍ ഇപ്പോള്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. വിസിമാരെയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെയും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്. വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ട്.”