ബോക്സ് ഓഫീസിൽ കോളിളക്കം സൃഷ്ടിച്ച് രജനീകാന്ത് ചിത്രം ജയിലർ. പുറത്തിറങ്ങി ആറ് ദിവസം പിന്നിടുമ്പോൾ ചിത്രം 400 കോടിയിലേറെ രൂപയുടെ കളക്ഷനാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. പല മാർക്കറ്റുകളിലും ബാഹുബലിയും പൊന്നിയൻ സെൽവനും വിക്രമും സൃഷ്ടിച്ച റെക്കോർഡുകൾ പലതും ജയിലർ മറികടന്നു കഴിഞ്ഞു.
ഹൗസ്ഫുൾ ഷോകൾ തുടരുന്ന സാഹചര്യത്തിൽ റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ ജയിലർ അഞ്ഞൂറ് കോടി ക്ലബിലെത്താനാണ് സാധ്യത. കേരളത്തിൽ ഇതാദ്യമായി അൻപത് കോടിയിലേറെ കളക്ഷൻ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോർഡും ജയിലറിന് തന്നെ കിട്ടിയേക്കാം. ആഗോള തലത്തിൽ 416.19 കോടി നേടി വിക്രം സിനിമയുടെ കളക്ഷൻ റെക്കോർഡ് (410 കോടി) ജയിലർ മറികടന്നു കഴിഞ്ഞു. 2.0, പൊന്നിയൻ സെൽവൻ, ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങൾ എന്നിവയാണ് ഇനി കളക്ഷൻ റെക്കോർഡിൽ ജയിലർക്ക് മുന്നിൽ ബാക്കിയുള്ളത്.
40.5 കോടി കളക്ഷൻ നേടിയ വിക്രം ആണ് നിലവിൽ നോൺ മലയാളം സിനിമകളിൽ കൂടുതൽ കളക്ഷൻ കേരളത്തിൽ നേടിയിട്ടുള്ളത്. ആറ് ദിവസം കൊണ്ട് 33.60 കോടി കളക്ഷൻ നേടിയ ജയിലർ ഈ ആഴ്ചയിൽ തന്നെ റെക്കോർഡ് മറികടക്കാനാണ് സാധ്യത. ആറാം ദിവസമായ ഇന്നലെ ചിത്രം 5.45 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. തൃശ്ശൂരിലെ ജോസേട്ടൻസ് രാഗം തീയേറ്ററിൽ റിലീസ് ചെയ്ത് ഇന്നലെ വരെയും ജയിലർ സിനിമയുടെ എല്ലാ ഷോയും ഹൗസ് ഫുള്ളാണ്. ഇടപ്പള്ളിയിലെ വനിത വിനീത തീയേറ്ററിൽ ജയിലറിനായി സ്പെഷ്യൽ ഷോകൾ ആരംഭിച്ചിട്ടുണ്ട്.