ഗാസ: ഹമാസ് ശനിയാഴ്ച നടത്തിയ മിന്നൽ ആക്രമണത്തിൽ 300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ഹമാസിന്റെ ഒളിത്താവളങ്ങൾ തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് പ്രഖ്യാപിച്ചു. മെഡിറ്റേറിയൽ കടലിൽ നിന്നും ഇസ്രയേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ 232 പേർ മരണപ്പെട്ടതായാണ് വിവരം. അതേസമയം സംഘർഷത്തിനിെ നിരവധി അമേരിക്കൻ പൌരൻമാരെ കാണാതായതായി യുഎസ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ബ്രിട്ടീഷ് പൌരനേയും കാണാതായതായിവിവരമുണ്ട്.
ഇസ്രേയലിലേക്ക് നുഴഞ്ഞു കയറിയ ഹമാസ് സംഘങ്ങളും ഇസ്രേയേലി സൈന്യവും തമ്മിൽ ഇന്നലെ രാത്രി മുഴുവൻ പലയിടത്തും ഏറ്റുമുട്ടിയതായാണ് വിവരം. ഏതാണ് 22 ഇടങ്ങളിൽ ഇന്നലെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അതേസമയം ഹമാസിൻ്റെ പിടിയിലുള്ള ഇസ്രയേൽ പൗരൻമാരെ സംബന്ധിച്ച കൃത്യമായ വിവരം ഇപ്പോഴും ലഭ്യമല്ല.
അനവധി ഇസ്രയേൽ സൈനികരേയും പുരുഷൻമാരേയും സ്ത്രീകളേയും ഹമാസ് അതിർത്തി കടന്നെത്തി പിടിച്ചു കൊണ്ടു പോയിട്ടുണ്ട്. ഇതല്ലാതെ ഇസ്രായേലിൽ പ്രവേശിച്ച ഹമാസം സംഘം പലയിടത്തും ആളുകളെ ബന്ദിക്കളാക്കി വച്ചതായും വിവരമുണ്ട്. ഹമാസ് നടത്തിയ വെടിവെയ്പ്പിലും റോക്കറ്റ് ആക്രമണത്തിലും ഏതാണ്ട് മൂവായിരത്തോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. നൂറുകണക്കിന് പേർ മരണപ്പെട്ടിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ചും പരിക്കേറ്റവരുടെ എണ്ണത്തിലും കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.
അതേസമയം നാളെയോടെ ഗാസ മുനമ്പിനോട് ചേർന്ന് താമസിക്കുന്ന മുഴുവൻ പൌരൻമാരേയും ഒഴിപ്പിക്കുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസുമായി ഏറ്റുമുട്ടാനായി പതിനായിരത്തോളം വരുന്ന ഇസ്രയേൽ സൈനികർ ഗാസാ അതിർത്തിയിലേക്ക് എത്തി കഴിഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രയേൽ പൌരൻമാരെ മോചിപ്പിക്കാൻ പലയിടത്തും ഏറ്റുമുട്ടലുകൾ തുടരുകയാണെന്നും സൈനികവക്താവ് അറിയിച്ചു. അതേസമയം സംഘർഷത്തിന് പിന്നാലെ ഒക്ടോബർ പതിനാല് വരെ ഇസ്രയേലിലേക്കുള്ള വിമാനസർവ്വീസ് എയർഇന്ത്യ നിർത്തിവച്ചു. ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.