കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന സംശയത്തിന് ഇതുവരെ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ കോഴി പക്ഷിയാണോ മൃഗമാണോ എന്ന് ഗുജറാത്ത് ഹൈക്കോടതി ചോദ്യമുന്നയിച്ചിരിക്കുകയാണ്. കോഴിയെ കോഴിയിറച്ചിക്കടകളിൽ അറക്കാതെ അറവുശാലകളിൽ അറക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിക്ക് മുന്നിൽ അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘവും സമർപ്പിച്ച ഹർജിയ്ക്ക് പിന്നാലെയാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
കോഴിക്കടകൾ നിരോധിക്കണമെന്നും കോഴികളെ അറവുശാലകളിൽ അറുക്കണമെന്നുമായിരുന്നു ഇവരുടെ വാദം. കൂടാതെ കോഴിക്കടകൾ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ആക്ടും പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ടും ലംഘിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. നിയമ പ്രകാരം മനുഷ്യനല്ലാത്ത മറ്റെല്ലാ ജീവജാലങ്ങളും മൃഗമാണെന്നും അതുകൊണ്ട് തന്നെ കോഴിയെ അറവുശാലകളിലാണ് മുറിക്കേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, പക്ഷികളെ അറവുശാലയിലേക്ക് അയക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞു. കൂടാതെ കോഴിയെ മൃഗമായി കണക്കാക്കാൻ സാധിക്കുമോ എന്നും ഹൈക്കോടതി ചോദിച്ചു. പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരം മനുഷ്യനല്ലാത്ത മറ്റെല്ലാ ജീവജാലങ്ങളേയും നിർവചിക്കുന്നത് മൃഗം എന്നാണെന്ന് വാദിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. അങ്ങനെയാണെങ്കിൽ മീനിന്റെ കാര്യമോയെന്ന് കോടതി തിരിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ സൂറത്ത് നഗരസഭാ പരിധിയിലുള്ള നിരവധി കോഴിക്കടകളാണ് ഇതിന്റെ പേരിൽ അധികൃതർ അടപ്പിച്ചിരുന്നു. ഹർജിയിലെ വിധി തങ്ങൾക്ക് അനുകൂലമാകുമോ എന്നാണ് കടക്കാർ ഉറ്റുനോക്കുന്നത്.