പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് കമ്മീഷണർ. അറസ്റ്റ് ചെയ്ത് എക്സൈസ് ഓഫീസില്‍ കൊണ്ടുവന്ന പ്രതി കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ എക്സൈസ് വിജിലൻസ് എസ് പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ലൈവിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന പ്രതിയുടെ വീഡിയോ പുറത്തു വന്നതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം വ്ലോഗറെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഇയാൾ കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്റെ ശൈലിയില്‍ കഞ്ചാവിന്റെ ഗുണം വിവരിച്ച് എക്സൈസ് ഓഫിസിനുള്ളില്‍ പാട്ട് പാടിയിരുന്നു.
വീഡിയോയിൽ താനൊരു രോഗിയായതുകൊണ്ടാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നും യുവാവ് എക്സൈസ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറഞ്ഞു.