ഇന്ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടന്നു. രാജ്യത്ത് അതിനായി വലിയ ഒരുക്കങ്ങളുണ്ടായി. ഇന്ത്യയിലെ മാധ്യമങ്ങള്‍ അടക്കം ഇതിനെ ഒരു ഉത്സവമായി കാണുന്ന കാഴ്ചയാണ് കണ്ടത്. ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ എങ്ങനെയാണ് ഇതിനെ നോക്കി കാണുന്നത്?
ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയിലും ഒരു പൗരന് എന്ന നിലയിലും കടുത്ത നിരാശ മാത്രമാണ് ഈ സമയത്ത് എനിക്കുള്ളത്. ഭരണഘടന, മതേതരത്വം, ജനാധിപത്യം എന്നൊക്കെ പറയുന്ന എല്ലാ കാര്യങ്ങളും അടിസ്ഥാനപരമായി അട്ടിമറിക്കപ്പെടുകയാണ്. അവിടെ ഒരു പള്ളി ഉണ്ടായിരുന്നുവെന്നും ആ പള്ളി ബലം പ്രയോഗിച്ച് പൊളിക്കുകയായിരുന്നുവെന്നും സുപ്രീം കോടതി തന്നെ സമ്മതിച്ചതുമാണ്. 1528 മുതല്‍ നിലനിന്ന് വന്നിരുന്ന ഒരു പള്ളി പൊളിച്ചിട്ട് അതിന് മുകളില്‍ ഒരു അമ്പലം പണിയുകയാണ്. ഇതില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ബലപ്രയോഗത്തിലൂടെ ഒരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ച്, മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം വരുന്നു, രണ്ട് ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തിന്റെ ഉദ്ഘാടനത്തിന് സുപ്രീം കോടതി വരെ അടച്ചിടുന്നത് സംബന്ധിച്ച ചര്‍ച്ച നടക്കുന്നു, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്കുന്നു, ബാങ്കുകള്‍ക്ക് അവധി നല്കുന്നു. ഈ തരത്തില്‍ ഒരു മതരാഷ്ട്രത്തിലേക്ക് നമ്മള് പോകുന്ന തരത്തിലുള്ള സൂചനകളാണ് ലഭിക്കുന്നത്. ഒരു ജനാധിപത്യ ഭരണത്തിന് കീഴില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണിത്.
സോമനാഥ ക്ഷേത്രം പുതുക്കി പണിയുന്ന സമയത്ത് അതിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിയെ ക്ഷണിച്ച സമയത്ത് പോകരുതെന്ന് നിര്‍ദേശിച്ചയാളാണ് നമ്മുടെ രാഷ്ട്രപിതാവായിട്ടുള്ള മഹാത്മാ ഗാന്ധി. അത് ഒരു മതവിഭാഗത്തിന്റെ പരിപാടിയാണ്. അതില്‍ ഒരിക്കലും ഭരണത്തിലിരിക്കുന്നവര്‍ പങ്കെടുക്കരുതെന്ന് പറഞ്ഞിട്ടുള്ള ചരിത്രമുണ്ടായിരുന്നു. അതില്‍ നിന്നുള്ള തിരിച്ചു നടത്തമാണ് ഇപ്പോള്‍ കാണുന്നത്.
1948 ജനുവരി 18ന് ഡല്‍ഹിയിലെ ബിര്‍ലാ മന്ദിരത്തിലാണ് ഗാന്ധിജി അവസാനത്തെ നിരാഹാര സമരം നടത്തുന്നത്. ആ നിരാഹാര സമരം അദ്ദേഹം അവസാനിപ്പിക്കുന്നത് മൗലാനാ അബ്ദുള്‍ കലാമിന്റെ കൈയ്യില്‍ നിന്ന് നാരങ്ങ നീര് വാങ്ങി കുടിച്ചിട്ടാണ്. ആ നിരാഹാരം അവസാനിക്കുന്ന സമയത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതവിഭാഗങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് ഒരു പ്രസ്താവനയില്‍ ഒപ്പുവെക്കുന്നുണ്ട്. അതിന് ശേഷമാണ് ആ നിരാഹാരം അവസാനിക്കുന്നത്. ഇന്ത്യ വിഭജനത്തിന്റെ കാലമായിരുന്നത് കൊണ്ട് തന്നെ രാജ്യത്തിന് അന്നേറ്റ മുറിവ് ഉറണക്കുന്നതിനായി ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്ന പ്രധാനപ്പെട്ട നാല് കാര്യങ്ങളുണ്ട്. ഒന്ന്, ഹിന്ദുക്കള്‍ കയ്യേറിയ ഡല്‍ഹിയിലെ മുസ്ലീം ഭവനങ്ങള്‍ മുഴുവന്‍ അവര്‍ക്ക് വിട്ടു കൊടുക്കുക. രണ്ട്, ഡല്‍ഹിയില്‍ മുസ്ലീങ്ങളുടെ സൈ്വര്യ വിഹാരം ഹിന്ദുക്കളും സിക്കുകാരും ഉറപ്പുവരുത്തുക. മൂന്ന്, മെഹ്റോളിയിലെ ക്വാജാ കുത്ത് ബുദ്ധീന്റെ കബറിലെ ഉറൂസ് എല്ലാവരും കൂടി ആഘോഷിക്കുക. നാല്, അത് വിഭജനത്തിന്റെ സമയമായിരുന്നത് കൊണ്ട് തന്നെ, പാകിസ്ഥാനില്‍ പോയ മുസ്ലീങ്ങള്‍ ആരെങ്കിലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് പൗരത്വം കൊടുക്കുക എന്നിങ്ങനെയായിരുന്നു അവ. എന്നാല്‍ ഇപ്പോള്‍ 76 വര്‍ഷങ്ങള്‍ക്ക് ശേഷം നേരെ തലകീഴായാണ് കാര്യങ്ങള്‍ നടക്കുന്നത്. ഹിന്ദുത്വ തീവ്രവാദികളാണ് ബാബ്റി മസ്ജിദ് പൊളിച്ചത്. അതിന് ശേഷം അവിടെ ക്ഷേത്രം പണിയുക എന്നത് ഇന്ത്യന്‍ മതേതരത്വത്തെയും ഭരണഘടനയെയും ഒക്കെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനെ ഒരു ആഘോഷമാക്കുകയാണ് പല ചാനലുകള്‍ പോലും ചെയ്യുന്നത്. പല ടെലിവിഷന്‍ ചാനലുകളുടെയും സ്റ്റുഡിയോ സെറ്റ് ചെയ്തിരിക്കുന്നത് പോലും രാമക്ഷേത്രത്തിന്റെ അലങ്കാരത്തിലാണ്. ആളുകള്‍ അതേ വേഷത്തിലും രൂപത്തിലുമാണ് നില്‍ക്കുന്നത്. മലയാള മനോരമയുടെ റിപ്പോര്‍ട്ടര്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് വനവാസത്തിന് പോയ രാമന് തിരിച്ച് വീട്ടിലേക്ക് വരികയാണ് എന്നൊക്കെയാണ്. നാസി പ്രൊപഗാണ്ട എങ്ങനെയാണോ വന്നത് അതിന് സമാനമായാണ് നമ്മുടെ മാധ്യമങ്ങള്‍ പെരുമാറുന്നത്. കാല് നൂറ്റാണ്ടായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരാള്‍ എന്ന നിലയില്‍ അതീവ നിരാശയും വിഷമവും ഉണ്ടാക്കുന്ന കാര്യമാണ് കാണേണ്ടി വരുന്നത്.
2019ല്‍ അയോധ്യ കേസിലെ വിധി പ്രഖ്യാപിച്ച ജഡ്ജിമാരെപോലും പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രം മുന്നിട്ടിറങ്ങിയാണ് ചടങ്ങുകള്‍ നടത്തിയത്. ആ വിധി നീതിയുക്തമല്ലെന്ന് അന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് ആ വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് തോന്നുന്നുണ്ടോ?
നീതിന്യായ വ്യവസ്ഥയെ തന്നെ കളിയാക്കുന്ന പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ വിധി പറഞ്ഞ ജഡ്ജിമാരെ ക്ഷണിക്കുന്നത് വഴി കോടതിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അവര്‍ പോവുകയോ പോവാതിരിക്കുകയോ ചെയ്യാം. പക്ഷെ അവരെ ക്ഷണിക്കുന്നത് വഴി ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി അവരുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന ഒന്നാണ് എന്ന തരത്തിലുള്ള ഒരു സന്ദേശമാണ് പൊതു സമൂഹത്തിന് ലഭിക്കുന്നത്. രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് ആയി ഇരിക്കുന്ന, ജസ്റ്റിസ് ചന്ദ്രചൂഡ് അടക്കമുള്ള അഞ്ച് അംഗ ബെഞ്ച് ആണ് അന്ന് വിധി പറഞ്ഞത്.
അലഹബാദ് ഹൈക്കോടതിയുടെ വിധിയ്ക്കെതിരെയാണ് സുപ്രീം കോടതിയിലേക്ക് കേസ് എത്തുന്നത്. തെളിവുകള്‍ മുഴുവന്‍ അവിടെ ഒരു പള്ളിയുണ്ടായിരുന്നു എന്നാണെങ്കില്‍ പോലും ഭൂരിഭാഗം ഹിന്ദുക്കളുടെയും വിശ്വാസം അനുസരിച്ച് അവിടം രാമന്റെ ജന്മസ്ഥലമാണെന്നും ആ വിശ്വാസം നിലനില്‍ക്കുന്നത് കൊണ്ട് ആ വിശ്വാസത്തെ തള്ളിക്കളയാന്‍ കഴിയില്ലെന്നും പറയുന്ന വിധിയാണ് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിധി പറഞ്ഞ ഹൈക്കോടതി പോലും ഈ സ്ഥലം മൂന്നായി ഭാഗിക്കണമെന്നാണ് പറഞ്ഞത്. സുന്നി വിഭാഗത്തിന് പള്ളിക്കും രണ്ട് തരത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ച വന്നിട്ടുള്ള ഹിന്ദു മഹാസഭയ്ക്കും നിര്‍മോഹി അഖാര വിഭാഗത്തിനുമായി സ്ഥലം മൂന്നായി വിഭജിക്കാനായിരുന്നു ഉത്തരവ്. അത്തരത്തില്‍ വിധി പറഞ്ഞ അലഹബാദ് ഹൈക്കോടതിയുടെ യുക്തി പോലും സുപ്രീം കോടതി കാണിക്കാന്‍ തയ്യാറായില്ല. അത് അതേപടി തുടരാനുള്ള ശ്രമമെങ്കിലും സുപ്രീം കോടതി കാണിച്ചിരുന്നെങ്കില്‍ പോലും ചുരുങ്ങിയ പക്ഷം അവിടെ തന്നെ പള്ളിയും കൂടി ഉണ്ടാവുമായിരുന്നു എന്ന കാര്യം കൂടിയുണ്ടാവുമായിരുന്നു. അത് പോലും പരിഗണിക്കാതെയാണ് സുപ്രീം കോടതി പൂര്‍ണമായും ക്ഷേത്ര നിര്‍മാണത്തിന് വിട്ട് കൊടുക്കുന്നത്. അയോധ്യയിലെ ഒരു സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്ക കേസ് അല്ലല്ലോ ഇത്. ഇത് ഒരു നാടിന്റെ തന്നെ നിലനില്‍പ്പുമായി ബന്ധപ്പെട്ട സംഭവമാണ്. കേസിനെ അത്തരത്തിലുള്ള പ്രധാന്യത്തോടെ പോലും സുപ്രീംകോടതി എടുത്തിട്ടില്ല.
ഇതിന്റെ ചരിത്രത്തിലേക്ക് പോയി കഴിഞ്ഞാല്‍ ആദ്യ ഘട്ടത്തിലൊന്നും അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നോ ഈ പള്ളി അവിടെ നില്‍ക്കുന്നത് പ്രശ്നമാണെന്ന തരത്തിലോ ഒന്നും ആരും ചോദ്യം ചെയ്തിട്ടില്ല. അതെല്ലാം പിന്നീട് രാഷ്ട്രീയ പരമായി ഉയര്‍ന്നു വന്നിട്ടുള്ള കാര്യമാണ്. സുപ്രീം കോടതി അങ്ങനെ ഒരു വിധി പ്രഖ്യാപിച്ചതോടു കൂടി തന്നെ സിസ്റ്റത്തില്‍ ഒരു വിള്ളല്‍ വന്നിട്ടുണ്ട്. ആ വിള്ളലിനെ തങ്ങള്‍ നേടിയെടുത്തതാണ് എന്ന തരത്തിലുള്ള പ്രഖ്യാപനമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരുമൊക്കെ ഈ ജഡ്ജിമാരെ ക്ഷണിക്കുന്നത് വഴി നടത്തുന്നത്.
രാമനെ ഒരു മാതൃക പുരുഷന് ആയി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കുറെ കാലമായി നടന്നു വരുന്നുമുണ്ട്. അതില്‍ ഏതാണ്ട് വിജയിച്ചു എന്ന് തന്നെ നിലവിലെ സാഹചര്യത്തില്‍ പറയേണ്ടി വരില്ലേ? ഗാന്ധിയുടെ രാമരാജ്യം/രാമന് എന്ന ആശയത്തെ ഹിന്ദുത്വയുടെ രാമരാജ്യം/രാമന് എന്ന ആശയം കൊണ്ട് ബിജെപിയും ആര്‍എസ്എസും മാനിപുലേറ്റ് ചെയ്യുന്നുണ്ടോ?
ഗാന്ധിജി പല കാര്യങ്ങളും മനസിലാക്കുന്നത് പലരീതിയിലാണ്. ഭഗവത് ഗീത മുഴുവന്‍ വായിച്ച് കഴിഞ്ഞാല്‍ അതിലെ ക്രൂരതയും ആളുകളെ കൊല്ലാനുള്ള ആഹ്വാനവുമാണ് പൊതുവായി വായിച്ച് വിശകലനം ചെയ്യുന്നവര്‍ക്ക് മനസിലാവുകയെങ്കില് അതിലെ നന്മയാണ് ഗാന്ധി കണ്ടത്. രാമന് എന്ന് പറയുന്ന ആശയത്തെ അടിസ്ഥാനപരമായി ഗാന്ധി കണ്ടിട്ടുള്ളത് ത്യാഗം ചെയ്യുന്നയാള്‍, മര്യാദ പുരുഷോത്തമന് എന്നുള്ള തരത്തിലൊക്കെയാണ്. അവസാന കാലത്ത് അദ്ദേഹത്തിന്റെ രാമസങ്കല്‍പ്പം എന്താണെന്നും അത് എന്തായാലും ഹിന്ദുത്വ മുന്നോട്ട് വെക്കുന്ന രാമസങ്കല്പം അല്ലെന്നും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാമന് എന്ന് പറയുന്ന ഐഡിയ യഥാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യ തരത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത് സവര്‍ക്കറാണ്. സവര്‍ക്കര്‍ തന്നെ ഇത് കൊണ്ടു വരാനുള്ള കാരണം, ദക്ഷിണേന്ത്യയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു പുരാണ കഥാപാത്രം രാമന് ആയതുകൊണ്ടാണ്. കൃഷ്ണനെയൊക്കെ സൗത്ത് ഇന്ത്യയുമായി കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ലങ്കയിലേക്കുള്ള യാത്ര ദക്ഷിണേന്ത്യ വഴിയാണെന്നും ദക്ഷിണേന്ത്യയിലെ രാജാക്കന്മാരുമായി ബന്ധം ഉണ്ടാക്കിയിട്ടുള്ള ആളാണ് രാമന് എന്നുള്ള കാര്യങ്ങളും വെച്ച് ദക്ഷിണേന്ത്യയുമായി ഒരു ബന്ധം സവര്‍ക്കര്‍ ആണ് ആദ്യമായി കൊണ്ടു വരുന്നത്. അവിടം മുതല്‍ രാമന് പാന്‍ ഇന്ത്യന്‍ രൂപമായി അവതരിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പിതാവ് എന്ന് അറിയപ്പെടുന്ന, എ.എസ്.ഐയുടെ ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ ആയിട്ടുള്ള അലക്സാണ്ടര്‍ കണ്ണിങ്ഹാം അയോധ്യയില്‍ ആ സമയത്ത് നടത്തിയ സര്‍വേകളിലൊന്നും ബാബ്റി മസ്ജിദിനടിയില്‍ ക്ഷേത്രമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും ഇതിനോടൊപ്പം നിലനില്‍ക്കുന്നുണ്ട്.
അയോധ്യയ്ക്ക് പിന്നാലെ, വാരാണസിയും മഥുരയും അടുത്ത ലക്ഷ്യസ്ഥാനങ്ങളാണ്. അതിനായുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. അടുത്തിടെ ആര്‍ക്കിയോളജിസ്റ്റായ കെ കെ മുഹമ്മദിന്റെ ഒരു അഭിമുഖം പുറത്തുവന്നിരുന്നു. നിലവില്‍ ഒരു പള്ളി പൊളിച്ചു. ഷാഹി ഈദ് ഗാഹിലും ഗ്യാന്‍വാപി മസ്ജിദിലും സര്‍വേ നടത്താന്‍ അനുമതിക്കായുള്ള നിയമനീക്കങ്ങള്‍ നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലീം സമൂഹം വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായാല്‍ ഇതുകൊണ്ട് പ്രശ്നങ്ങള്‍ അടങ്ങുമെന്നാണ് പറയുന്നത്. ഇത് ശരിയാണോ?
കെ കെ മുഹമ്മദിന്റെ വാദങ്ങളെ ആര്ക്കിയോളജസ്റ്റിന്റെ വാദമായി കാണുന്നില്ല. ബിജെപിക്ക് വേണ്ടി സംസാരിക്കുന്ന ഒരു കാര്യമായി മാത്രമേ കാണാനാകൂ. മനുഷ്യനെ അപമാനിക്കുന്നതിന് ഒരു പരിധിയില്ലേ. ഹിന്ദുക്കള്‍ ചെയ്യുന്നതിന് മുഴുവന്‍ മുസ്ലീങ്ങള്‍ വിട്ടുകൊടുക്കുകയാണെങ്കില്‍ സമാധാനം വരും എന്ന് പറഞ്ഞാല്‍ ഇവിടെ ജനാധിപത്യവും നിയമവാഴ്ചയും ഇല്ലാത്ത ഒരു സ്ഥലമായി മാറുന്നു എന്നാണല്ലോ. ഇതിന് സെന്സിബിള് ആയിട്ടൊരു മറുപടി പോലും അര്‍ഹിക്കുന്നില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയ്ക്കും തുടര്‍ന്ന് രാജീവ് ഗാന്ധിയ്ക്കും സംഘപരിവാറുമായിട്ടും വിശ്വഹിന്ദു പരിഷത്തുമായിട്ടും ഒരു നല്ല തരത്തിലുള്ള ബന്ധം തന്നെ ഉണ്ടായിരുന്നു. സിഖ് കലാപത്തിന് ശേഷം രാജീവ് ഗാന്ധിക്കും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ഒരു വിശാലമായ പിന്തുണയുണ്ടായിരുന്നു. 1984ലെ ധര്‍മ സന്‍സദ്, വിശ്വഹിന്ദു പരിഷത്, ആര്‍എസ്എസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തില്‍ അയോധ്യ രാമജന്മഭൂമിയായും മഥുര കൃഷ്ണ ജന്മഭൂമിയായും വരാണസി വിശ്വനാഥ ക്ഷേത്രമായും സ്വതന്ത്രമാക്കണമെന്ന് പ്രഖ്യാപിച്ചതാണ്. അതിന് ഈ പള്ളികള്‍ പൊളിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ആദ്യം ലക്ഷ്യം അയോധ്യയാണെന്നും ബാക്കിയുള്ളത് പിന്നീട് നടത്തുമെന്നും പ്രഖ്യാപിച്ചതാണ്.

പക്ഷെ തുടക്കകാലത്ത് മൂന്നും ഇവരുടെ അജണ്ടയിലുണ്ടായിരുന്നതല്ല. കര്‍സേവകര്‍ എന്ന് പറയുന്ന ക്രിമിനലുകള്‍ ബാബ്റി പള്ളി പൊളിച്ചിട്ട് നടത്തിയ മുദ്രാവാക്യം ഇന്ത്യയില്‍ മുഴുവന്‍ മുഴങ്ങിയതാണ്. ‘യേ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാകി ഹേ’ എന്നാണ് ആ മുദ്രാവാക്യം.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഇപ്പോഴും പേടിയുള്ളത് യാദവ മുസ്ലീം ഐക്യമാണ്. സമാജ് വാദി പാര്‍ട്ടി ഇപ്പോഴും അവിടെ സ്ട്രോങ്ങ് ആയി തന്നെ നില്‍ക്കുന്നുണ്ട്. അതില്‍ പ്രധാന വോട്ട് ബാങ്ക് എന്ന് പറയുന്നത് യാദവ വിഭാഗത്തിന്റെതാണ്. അത് ഒബിസി വിഭാഗമാണ്. സാങ്കേതികമായി കൃഷ്ണന്റെ പിന്മുറക്കാരായാണ് ഇവര്‍ കരുതപ്പെടുന്നത്. യാദവരാകയാല് മഥുരയില്‍ കൃഷ്ണ ജന്മഭൂമിക്ക് പിന്തുണ നല്‍കേണ്ടവരല്ലേ എന്ന ചോദ്യമാണ് അവിടെ എസ് പി ക്ക് മുന്നിലും യാദവര്‍ക്ക് മുന്നിലും ബിജെപി കൊണ്ടു വെക്കുന്നത്. പക്ഷെ, അങ്ങനെ പിന്തുണക്കേണ്ടി വന്നാല്‍ എസ് പിക്ക് യാദവരെ പിണക്കേണ്ടി വരും. അതല്ല, തിരിച്ച് സംഭവിച്ചാല്‍ യുപിയില്‍ ആകെ നിലവിലുള്ള മതേതരത്വത്തിലുള്ള പ്രതീക്ഷ തകരും. അതിലേക്ക് തന്നെയാണ് നിലവില്‍ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.
ഹിന്ദുരാജ്യം ആകുന്നതിന്റെ വലിയ പടിയാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. മഥുരയിലെയും കാശിയിലെയും പള്ളികളിലേക്കും കൂടി അജണ്ടകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പൂര്‍ണമായും ഹിന്ദുരാജ്യം ആകും എന്ന് തന്നെ പറയേണ്ടി വരും.
