പ്രവാസികൾക്ക് നാട്ടിലേക്കുള്ള ഇന്റർനെറ്റ് ഫോൺവിളി ഇനി യുഎഇ അനുവദിച്ച 17 വോയ്സ് ആപ്പുകൾ (വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ സാധിക്കുകയുള്ളു. ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം അനധികൃത മാർഗത്തിലൂടെ ഇന്റർനെറ്റ് ഫോൺ ചെയ്യുന്നവർക്കു കടുത്ത ശിക്ഷയുണ്ടാകുമെന്നും വ്യക്തമാക്കി.
യുഎഇയുടെ ജനസംഖ്യയിൽ 85 ശതമാനവും പ്രവാസികളാണ്. നാട്ടിലേക്ക് വിളിക്കാനും ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കാനും മിക്കവരും സൗജന്യ ഇന്റർനെറ്റ് കോളിങ് ഓഡിയോ, വിഡിയോ ആപ്പുകളെയാണ് പൊതുവെ ആശ്രയിക്കുക. എങ്കിലും രാജ്യത്തെ ഇന്റർനെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അതോറിറ്റി പറഞ്ഞു. നിയമവിരുദ്ധമായി ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്ന വെബ്സൈറ്റുകൾ തടയുമെന്നും അതോറിറ്റി അറിയിച്ചു. ഇത്തരം സൈറ്റുകളും ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.
സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാങൗട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചർ, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ എന്നിവയാണ് പ്രവാസികൾക്ക് വിളിക്കാൻ ഉപയോഗിക്കാവുന്ന അനുമതിയുള്ള ആപ്പുകൾ. അതേസമയം വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ) ഉപയോഗിച്ച് ഇന്റർനെറ്റ് ഫോൺ ചെയ്യുന്നത് യുഎഇ നേരത്തേ തന്നെ നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തി പിടിക്കപ്പെട്ടാൽ സൈബർ നിയമം അനുസരിച്ച് തടവും പിഴയും ശിക്ഷയായി നേരിടേണ്ടി വരും. 4.5 കോടി രൂപയാണ് പിഴ ഈടാക്കുക.