നടൻ ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഉടനെ ഡിലീറ്റ് ചെയ്ത വീഡിയോ ആരാധകരിൽ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു കാലമായി തനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്നാണ് വീഡിയോയിൽ ദുൽഖർ പറയുന്നത്. ഞായറാഴ്ച രാത്രി പബ്ലിഷ് ചെയ്ത വീഡിയോ അൽപസമയത്തിനകം ദുൽഖർ ഡിലീറ്റ് ചെയ്തെങ്കിലും ഇതിനോടകം വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ദുൽഖറിൻ്റെ വീഡിയോയും അതിന് താഴെ അദ്ദേഹം നൽകിയ അടിക്കുറിപ്പും ഒരേ പോലെ ചർച്ചയായിട്ടുണ്ട്.
കുറച്ചു കാലമായി എനിക്ക് നന്നായി ഉറങ്ങാൻ സാധിക്കുന്നില്ല. എനിക്ക് ചില അനുഭവങ്ങളുണ്ടായി അതിന് ശേഷം ഒന്നും പഴയ പോലെയല്ല. എൻ്റെ മനസ്സ് അതിൽ നിന്നും പുറത്തു കടക്കാത്ത ഒരവസ്ഥയിലാണ് ഇപ്പോൾ. എനിക്ക് ഇതേപ്പറ്റി കൂടുതൽ പറയണമെന്നുണ്ട് പക്ഷേ അതിനെനിക്ക് അനുവാദമുണ്ടോ എന്നറിയില്ല – ഇങ്ങനെയാണ് വിവാദ വീഡിയോയ്ക്ക് താഴെ ദുൽഖർ കമൻ്റ് ചെയ്തത്.
What happened to #DulquerSalmaan ????????. He posted and deleted it later. Is everything alright to him ?. #KingOfKotha pic.twitter.com/PyGnrwnorw
— DON BOY (@preethamtweets_) July 2, 2023
ഇങ്ങനൊരു വീഡിയോ ദുൽഖർ പങ്കുവയ്ക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. പുതിയ ഏതെലും ചിത്രത്തിൻ്റെ പ്രമോഷന് വേണ്ടിയോ അല്ലെങ്കിൽ എന്തെങ്കിലും ക്യാംപെയ്ന് വേണ്ടിയോ ആണോ ഈ വീഡിയോ എന്ന സംശയവും ചില ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ഓണം റിലീസായി എത്തുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഹേയ് സിനാമിക (തമിഴ്), സല്യൂട്ട് (മലയാളം), സീതാരാമം (തെലുങ്ക്),ചുപ്പ് (ഹിന്ദി) തുടങ്ങി നാല് ഭാഷകളിലും കഴിഞ്ഞ വർഷം ദുൽഖർ സൽമാൻ അഭിനയിച്ചിരുന്നു. പ്രഭാസിൻ്റെ പാൻ ഇന്ത്യ ചിത്രം പ്രൊജക്ട് കെയിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോണ്, കമൽഹാസൻ, ദിഷാ പഠാണി എന്നിവർക്കൊപ്പം ദുൽഖറും അഭിനയിക്കും എന്ന അഭ്യൂഹം ശക്തമാണെങ്കിലും ഇക്കാര്യത്തിൽ ദുൽഖറിൽ നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.