മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ഐ.എന്‍.എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍-റൂറല്‍ ഹൗസിംഗ് ഡെവലപ്മെന്റ് ക്ലസ്റ്റര്‍ സൊസൈറ്റി വഴി 10 പേരില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നേതാക്കള്‍ക്കെതിരായ പരാതി. ചുവന്ന മണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോ ആണ് പീച്ചി പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സൊസൈറ്റി ചെയര്മാന് ജെയിന് ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടര്‍മാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പന്, ബഫീക്ക് ബക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബഫീക്ക് ബക്കര്‍ ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
സ്ഥലം ഉള്‍പ്പെടെ വീട് പണിതുനല്‍കുന്ന പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവരില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ഒന്നര വര്‍ഷമായി യാതൊരു വിധത്തിലുള്ള പണികളും നടക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാര്‍ വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോള്‍ ആണ് സൊസൈറ്റിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഭൂമി മൂന്ന് പ്രദേശ വാസികളുടെ കൂട്ടുടമസ്ഥതതയിലുമുള്ള ഭൂമിയാണെന്ന് കണ്ടെത്തിയത്.