ഡൽഹി: എയർ ട്രാഫിക് കൺട്രോളറുടെ നിർദേശത്തെ തുടർന്ന് ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. സുരക്ഷാകാരണങ്ങളെ തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചതെന്നാണ് വിവരം.
ബുധനാഴ്ച രാത്രി 7.10ന് ഡൽഹിയിൽ നിന്ന് പറന്നുയരേണ്ടതായിരുന്നു കോഴിക്കോട്ടേക്കുള്ള 6E5913 ഇൻഡിഗോ വിമാനം. സമാന്തര റൺവേയിൽ മറ്റൊരു വിമാനം ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എടിസി ഇൻഡിഗോ വിമാനത്തോടെ തിരികെ മടങ്ങാൻ നിർദേശിച്ചത് എന്നാണ് ഡൽഹി എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തെ തുടർന്ന് ടെർമിനലിലേക്ക് മടങ്ങിയ വിമാനത്തിൽ നിന്നും യാത്രക്കാരെ തിരികെ ഇറക്കി. പിന്നീട് രാത്രി 11.03നാണ് വിമാനം ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയത്.
“സമാന്തര റൺവേയിൽ മറ്റൊരു വിമാനം ചുറ്റിക്കറങ്ങിയതിനാൽ എടിസിയുടെ നിർദ്ദേശപ്രകാരം വിമാനം ടേക്ക് ഓഫ് നിർത്തുകയായിരുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് വിശദീകരിക്കുന്നു. സമയനഷ്ടം ഒഴിവാക്കാൻ പല യാത്രക്കാരേയും മറ്റു വിമാനങ്ങളിൽ കയറ്റി അയച്ചെന്നും ഇൻഡിഗോ ടീം വിഷയത്തിൽ സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നും എയർലൈൻസ് വ്യക്തമാക്കുന്നു. അതേസമയം ഇൻഡിഗോയുടെ ടേക്ക് ഓഫ് മുടക്കി സമാന്തര റൺവേയ്ക്ക് മുകളിൽ പറന്നത് എയർഇന്ത്യ വിമാനമാണെന്നാണ് സൂചന. ഇക്കാര്യത്തിൽ എയർഇന്ത്യ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.