സൗദി അറേബ്യയിലെ കൂടുതൽ തൊഴിൽ മേഖലകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് സ്വദേശിവത്ക്കരണം നടപ്പാക്കുക എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ ഒരു വലിയ വിഭാഗം തൊഴിലുകളുടെ സ്വദേശിവത്കരണം ഇതിനോടകം നടപ്പിലായതായും മന്ത്രാലയം പറഞ്ഞു.
പ്രോജക്റ്റ് മാനേജ്മെൻറ്, സെയിൽസ്, ചരക്ക് പ്രവർത്തനങ്ങൾക്കും ചരക്ക് ബ്രോക്കർമാർക്കും സേവനങ്ങൾ നൽകുന്ന ഔട്ട്ലറ്റുകൾ, പ്രൊക്യുർമെൻറ്, ലേഡീസ് അലങ്കാര തയ്യൽ പ്രവർത്തനങ്ങൾക്കുള്ള ഔട്ട്ലറ്റുകൾ എന്നിവ സ്വദേശിവത്കരി ക്കുന്ന മേഖലകളിൽ ഉൾപ്പെടും. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ മാറ്റമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
പ്രോജക്റ്റ് മാനേജ്മെൻറ് ജോലികളുടെ സ്വദേശിവത്കരണത്തിൽ പ്രോജക്റ്റ് മാനേജ്മെൻറ് മാനേജർ, പ്രോജക്റ്റ് മാനേജ്മെൻറ് സ്പെഷ്യലിസ്റ്റ് എന്നീ തസ്തികൾ ഉൾപ്പെടും. രണ്ട് ഘട്ടങ്ങളിലായി മുനിസിപ്പൽ-ഗ്രാമകാര്യ വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 35 ശതമാനവും രണ്ടാമത്തെ ഘട്ടത്തിൽ 40 ശതമാനവും സ്വദേശിവത്കരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ പ്രോജക്ട് മാനേജ്മെൻറ് ജോലികൾക്കും തീരുമാനം ബാധകമായിരിക്കും. 6,000 റിയാലാണ് ഈ തസ്തികകളിലെ കുറഞ്ഞ വേതനം. തപാൽ, പാഴ്സൽ ഗതാഗത മേഖലയിലെ സ്വദേശിവത്കരണം രണ്ടാം ഘട്ടം നടപ്പാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ചതായും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.