സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ. സൗദി എൻജിനീയേഴ്സ് കൗൺസിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ ഇന്ത്യൻ എൻജിനീയർമാരുടെ എണ്ണം മൂന്നാം സ്ഥാനത്താണ് (21.17 ശതമാനം).
രാജ്യത്തെ മുഴുവൻ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം 4,29,055 ആണ്. ഇതിൽ അധികവും സ്വദേശികളാണ്. 36.42 ശതമാനം എൻജിനീയർമാരും സൗദി പൗരന്മാരാണ്. തൊട്ടടുത്ത് 21.63 ശതമാനവുമായി ഈജിപ്താണുള്ളത്. ചെറിയ വ്യത്യാസം മാത്രമാണ് ഇന്ത്യയും ഈജിപ്തും തമ്മിൽ. 21.17 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ളവർ. പാകിസ്താനി എൻജിനീയർമാർ 13.33 ശതമാനവും ഫിലിപ്പീൻസുകാർ 7.46 ശതമാനവുമുണ്ട്.
എൻജിനീയറിങ് മേഖലയുടെ വികസനത്തിനും രാജ്യത്തെ തൊഴിൽ പുരോഗതിക്കും സഹായകമാകുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ തുടരുകയാണെന്നും സൗദി എൻജിനീയേഴ്സ് കൗൺസിൽ വ്യക്തമാക്കി.