കനേഡിയൻ പൗരനെ കൊലചെയ്ത കുറ്റത്തിന് ഇന്ത്യൻവംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ. 32കാരനായ ഇന്തർദീപ് സിംഗ് ഘോഷാലാണ് അറസ്റ്റിലായത്. പോൾ സ്റ്റാൻലി എന്ന കനേഡിയൻ യുവാവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വാൻകോവർ എന്ന സ്ഥലത്തെ സ്റ്റാർബക്സ് കോഫി ഷോപ്പിനു സമീപമാണ് കേസിന് ആസ്പദമായ സംഭവം. കോഫി ഷോപ്പിൽ കോഫി കുടിച്ചുകൊണ്ടിരുന്ന പോളിനെ യാതൊരു പ്രലോഭനവും ഇല്ലാതെയാണ് ഇന്തർദീപ് ആക്രമിച്ചത്. ഉടൻ തന്നെ പോളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോളിന് ഭാര്യയും ഒരു മകളുമാണുള്ളത്. അവരോടൊപ്പം കോഫി കുടിക്കാൻ ഇറങ്ങിയതാണ് പോളെന്ന് മാതാവ് കാത്തി പറഞ്ഞു. അതേസമയം മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ടെങ്കിലും പോളിനെ ഇന്ദർദീപ് കൊല്ലാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ സാക്ഷികളെ വിസ്തരിച്ചുകൊണ്ടിരിക്കുകയാണെന്നും വീഡിയോ തെളിവുകളടക്കം പരിശോധിക്കുകയാണെന്നും വാൻകോവർ പൊലീസിന്റെ ഔദ്യോഗിക വക്താവ് സ്റ്റീവ് എഡിസൺ അറിയിച്ചു. ഇതുവഴി ആക്രമിയുടെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ സംഭവിച്ചത് എന്താണെന്ന് വ്യക്തമായി പറയാൻ സാധിക്കൂ. കേസ് തെളിയിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടക്കുന്ന സമയത്ത് സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നതായി പോലീസ് അറിയിച്ചു. അതുവഴി എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ സംഭവമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണെന്നും പ്രചരിപ്പിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. കൂടാതെ ആ സംഭവം നേരിട്ട് കണ്ട ദൃക്സാക്ഷികൾ ആരെങ്കിലുമുണ്ടെങ്കിൽ സമീപിക്കണമെന്നും പൊലീസ് അറിയിച്ചു.