ദില്ലി: പെഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ സമിതിയോഗത്തിന് ശേഷമാണ് സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതും വാഗാ അതിർത്തി അടയ്ക്കുന്നതും പാകിസ്ഥാൻ പൌരൻമാരെ തിരിച്ചയക്കുന്നതും അടക്കമുള്ള നിർണായക തീരുമാനങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും പ്രധാനവും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുന്നതുമായ നടപടിയാണ് സിന്ധു നദീജലകരാറിൽ നിന്നും പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം.
1960 സെപ്റ്റംബർ 19 ന് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ കറാച്ചിയിൽ വച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്ഥാൻ പട്ടാളമേധാവി ജനറൽ അയൂബ് ഖാനും ഈ കരാറിൽ ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടേയും അതിർത്തിയിലൂടെ ഒഴുകുന്ന ആറ് നദികളിലെ ജലം വിനിയോഗിക്കുന്ന് ഈ കരാർ അടിസ്ഥാനമാക്കിയാണ്. സിന്ധു, ജെലം, ചെനാബ്, രവി, സത്ലജ്, ബിയാസ് എന്നിവയാണ് ഈ ആറ് നദികൾ.
പ്രധാന വ്യവസ്ഥകൾ:
ജലവിനയോഗം: കിഴക്കൻ നദികളിലെ (രവി, സത്ലജ്, ബിയാസ്) ജലം നിയന്ത്രണമില്ലാത്ത ഇന്ത്യയ്ക്ക് ഉപയോഗിക്കാം. പടിഞ്ഞാറൻ നദികളുടെ (സിന്ധു, ജെലം, ചെനാബ്) പ്രാഥമിക ഉപയോഗ അവകാശം പാകിസ്ഥാന് ലഭിക്കുന്നു, എന്നാൽ ജലവൈദ്യുതി പദ്ധതികൾ അടക്കമുള്ള ആവശ്യങ്ങൾക്കായി ഇന്ത്യയ്ക്ക് അവ ഉപയോഗിക്കാൻ കഴിയും.
ജലം പങ്കിടൽ: സിന്ധു നദീജല വ്യവസ്ഥയിലെ ഏകദേശം 80% വെള്ളവും (പ്രതിവർഷം ഏകദേശം 135 ദശലക്ഷം ഏക്കർ അടി) പാകിസ്ഥാനാണ് ലഭിക്കുന്നത്, അതേസമയം ഇന്ത്യയ്ക്ക് 20% (33 ദശലക്ഷം ഏക്കർ അടി) ലഭിക്കുന്നു.
ജല കമ്മീഷൻ: ഇരു രാജ്യങ്ങളിലെയും പ്രതിനിധികളുള്ള ഒരു വാട്ടർ കമ്മീഷൻ വഴിയാണ് കരാറിന് മേൽനോട്ടം ഉറപ്പാക്കുന്നത്. കമ്മീഷൻ കൃത്യമായ ഇടവേളകളിൽ യോഗം ചേരുകയും ഇരുരാജ്യങ്ങളും വിവരങ്ങൾ കൈമാറുകയും പരാതികളും തർക്കങ്ങളും കമ്മീഷൻ്റെ മധ്യസ്ഥതയിൽ പരിഹരിക്കുകയും ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിൽ കരാറിനെ ചൊല്ലിയുണ്ടായ എല്ലാ തർക്കങ്ങളും പരിഹരിച്ചത് ലോകബാങ്കിൻ്റെ മധ്യസ്ഥതയിലാണ് ഇപ്പോൾ ഇന്ത്യ കരാർ മരവിപ്പിക്കുമ്പോൾ ലോകബാങ്ക് അതിലെടുക്കുന്ന നിലപാട് വളരെ പ്രധാനമാണ്. കമ്മീഷൻ പരിഹരിക്കാത്ത തർക്കങ്ങൾ ഒരു നിഷ്പക്ഷ വിദഗ്ദ്ധനെയോ (ലോക ബാങ്ക് നിയമിച്ച) അല്ലെങ്കിൽ ഒരു കോടതി ഓഫ് ആർബിട്രേഷനെയോ സമീപിക്കാവുന്നതാണ്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മൂന്ന് യുദ്ധങ്ങൾ ഉണ്ടാവുകയും (1965, 1971, 1999) മുംബൈ ആക്രമണം, പത്താൻകോട്ട്, പുൽവാമ അടക്കം നിരവധി സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടും കഴിഞ്ഞ 65 വർഷമായി ഈ കരാർ മാറ്റമില്ലാതെ തുടരുകയായിരുന്നു. നിരന്തര സംഘർഷത്തിലായിട്ടും രണ്ട് രാജ്യങ്ങൾക്കിടയിൽ ഇങ്ങനെയൊരു കരാർ നിലനിൽക്കുന്നത് ലോകചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്.
പാകിസ്ഥാന് കരാർ പ്രകാരം ജലം കിട്ടുന്നുണ്ടെങ്കിലും കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യ നിരവധി ജലവൈദ്യുത പദ്ധതികൾ ഈ നദികളിൽ നടപ്പാക്കിയിട്ടുണ്ട്. കരാർ പ്രകാരം ജലവൈദ്യുതി ഉത്പാദനത്തിന് ഇന്ത്യയ്ക്ക് അനുമതിയുള്ളതിനാൽ പാകിസ്ഥാന് എതിർത്തിട്ടും ഡാമുകൾ പണിയാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ ഡാമുകളുടെ രൂപകൽപനയും സംഭരണ പരിധിയും സംബന്ധിച്ച് പല പരാതികളും പാകിസ്ഥാൻ ഉയർത്തിയിട്ടുണ്ട്. പല ഡാമുകളുടെയും വൃഷ്ടി പ്രദേശത്തും ഇന്ത്യ കനാലുകൾ നിർമ്മിച്ചതിനെ ഭാവിയിൽ വെള്ളം തിരിച്ചുവിടാനുള്ള ഗൂഢാലോചനയായി പാകിസ്ഥാൻ ആരോപിച്ചിരുന്നു.
സിന്ധു ജല ഉടമ്പടി (IWT) റദ്ദാക്കപ്പെട്ടാൽ, വെള്ളം, കൃഷി, ഊർജ്ജം എന്നിവയ്ക്കായി സിന്ധു നദീതട സംവിധാനത്തെ അമിതമായി ആശ്രയിക്കുന്ന പാകിസ്ഥാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
പാകിസ്ഥാന് മുന്നിലുള്ള വെല്ലുവിളി
പാകിസ്ഥാൻ്റെ ജലവിതരണത്തിന്റെ 80 ശതമാനവും പടിഞ്ഞാറൻ നദികളെ (സിന്ധു, ജെലം, ചെനാബ്) ആശ്രയിച്ചാണ്. ഈ നദികളിലെ ജലം ഉപയോഗിച്ച് 18 ദശലക്ഷം ഹെക്ടറിൽ പാകിസ്താൻ ജനങ്ങൾ കൃഷി നടത്തുന്നതായാണ് കണക്കുകൾ. കരാറിൽ നിന്നും പിന്മാറിയതോടെ ഇന്ത്യയ്ക്ക് ഈ നദികളിൽ നിന്നുള്ള ജലപ്രവാഹം വഴിതിരിച്ചുവിടാനോ നിയന്ത്രിക്കാനോ കഴിയും, ഇത് പാകിസ്ഥാന്റെ ജലലഭ്യതയെ ഗണ്യമായി കുറയ്ക്കും. കറാച്ചി, ലാഹോർ തുടങ്ങിയ നഗരപ്രദേശങ്ങൾ രൂക്ഷമായ ക്ഷാമം നേരിടും. നിലവിൽ തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ.
കാർഷിക തകർച്ച:
സിന്ധു നദീതടത്തിലെ കൃഷി പാകിസ്ഥാൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇത് ജിഡിപിയുടെ 24% വരും. പാകിസ്ഥാൻ തൊഴിൽവ്യവസ്ഥയുടെ 40 ശതമാനവും ഈ കൃഷിയുമായി ബന്ധപ്പെട്ടാണ്. ജലത്തിന്റെ കുറവ് ഗോതമ്പ്, അരി, പരുത്തി തുടങ്ങിയ വിളകളുടെ കൃഷിയെ ഗുരുതരമായി നശിപ്പിക്കും, ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ, വിലക്കയറ്റം എന്നിവയ്ക്ക് വഴിയൊരുക്കും. ഒരു പക്ഷേ പാകിസ്ഥാനാകെ ക്ഷാമത്തിലേക്ക് പോകാനും സാധ്യതയുണ്ട്.
പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളുടെ വലിയൊരു ഭാഗം തരിശായി മാറുകയും ദശലക്ഷക്കണക്കിന് കർഷകർ പ്രതിസന്ധിയിലാവുകയും ചെയ്യും. കൃഷിയും അനുബന്ധ വ്യവസായങ്ങളും തകരുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് താങ്ങാവുന്നതിനും അപ്പുറമായിരിക്കും ഇത്.
ജലവൈദ്യുത ഉൽപ്പാദനം കുറയുന്നത് (ഉദാഹരണം പാകിസ്ഥാനിലെ തർബേല, മംഗ്ല അണക്കെട്ടുകൾ) ഊർജ്ജക്ഷാമം വഷളാക്കുകയും വ്യവസായങ്ങളെയും ജനങ്ങളേയും തളർത്തും. ഈ പ്രവിശ്യകൾ കേന്ദ്രീകരിച്ചുള്ള തുണിത്തരങ്ങൾ അടക്കമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയെ ഇതു ബാധിക്കും.