ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര – നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ഇന്ത്യൻ കമ്പനികളുമായി നിരവധി കരാറുകൾ ഹംദാൻ്റെ സന്ദർശനത്തിനിടെ ഒപ്പുവച്ചു. വെയർഹൗസുകൾ മുതൽ നിക്ഷേപ പദ്ധതികൾ പുതുതായി പ്രഖ്യാപിക്കപ്പെട്ടു. ഈ കരാറുകൾ വിവിധ മേഖലകളിൽ ഇരു വിപണികൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തും.
“ഇന്ത്യയും യുഎഇയും പുതിയ കാലത്തിൻ്റെ സാധ്യതകൾ ഒരുമിച്ച് ഉപയോഗപ്പെടുത്തി മുന്നോട്ട് പോകും.ഇരുകൂട്ടർക്കും ഗുണകരമായതും ദീർഘകാല നേട്ടങ്ങൾ നൽകുന്നതുമായ അന്താരാഷ്ട്ര സഹകരണ മാതൃകയാണ് ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.” ഈ കരാറുകൾ ഇന്ത്യ-യുഎഇ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ്, വ്യാപാരം, സാങ്കേതിക നവീകരണം എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിനും വഴിയൊരുക്കുന്നു – ഷെയ്ഖ് ഹംദാൻ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെ മൂന്ന് പ്രത്യേക സാമ്പത്തിക മേഖലകളിലായി ഡിപി വേൾഡിന്റെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോണുകൾ സ്ഥാപിക്കാൻ സന്ദർശനത്തിനിടെ തീരുമാനമായി. മൂന്ന് ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോണുകൾ സ്ഥാപിക്കാനായി 735 മില്യൺ ദിർഹത്തിലധികം ചിലവിടും. നാവ ഷേവ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാവും ഇത്.
ജബൽ അലി ഫ്രീസോണിലെ ഭാരത് മാർട്ട് അവരുടെ സെൻ്റർ സ്ഥാപിക്കും. ഇതിൻ്റെ ആദ്യഘട്ടം 2026 ൽ പൂർത്തിയാവും. 2.7 മില്യൺ ചതുരശ്ര അടിയിൽ റീട്ടെയിൽ, ഷോറൂമുകൾ, വെയർഹൗസ്. വനിതാ-നേതൃത്വത്തിലുള്ള ബിസിനസുകൾക്ക് പ്രത്യേക ഇടം എന്നിവയോട് കൂടിയതാവും ഇത്. ജിസിസി, ആഫ്രിക്ക, യൂറേഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള നിർണായക വഴിയായി ഇതു മാറും.
ഭാരത് ആഫ്രിക്ക സേതു എന്ന പേരിൽ ഇന്ത്യയെ 53 ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന വ്യാപാര കോറിഡോർ സ്ഥാപിക്കും. ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ ആഫ്രിക്കൻ വിപണി വിഹിതം 6.5%-ൽ നിന്ന് 12%-ലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ഡിപി വേൾഡിന്റെ കടൽ, വ്യോമ ലോജിസ്റ്റിക്സ് ശൃംഖല വഴി 400,000-ലധികം വിൽപ്പന കേന്ദ്രങ്ങളിലേക്ക് ഇതിലൂടെ ഇന്ത്യൻ ഉത്പന്നങ്ങൾ എത്തിക്കാനാവും.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI), IMC ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ദുബായ് ചേംബേഴ്സ് കരാറുകൾ ഒപ്പിട്ടു. ഇന്ത്യൻ വ്യവസായികൾക്കും വ്യാപാരികൾക്കും ദുബായിൽ സ്ഥാപനം തുടങ്ങാനോ വിപുലീകരിക്കാനോ ഇതിലൂടെ സഹായം ലഭിക്കും. ദുബായ് കമ്പനികൾക്ക് ഇന്ത്യയിൽ ബിസിനസ് നടത്താനും സഹായം കിട്ടും. വ്യാപാര മേളകൾ, നിക്ഷേപ യാത്രകൾ, കോൺഫറൻസുകൾ, ഡാറ്റാ കൈമാറ്റം എന്നിവയും ഇനി ഈ സംഘടനകൾ തമ്മിലുണ്ടാവും.
അത്യാധുനിക സാങ്കേതിക സംവിധാനത്തിൻ്റെ സഹായത്തോടെ വിതരണ ശൃംഖലകളും ചരക്കുനീക്കവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിപി വേൾഡ് ഒരു പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 2024 സെപ്റ്റംബറിൽ ആരംഭിച്ച UAE-ഇന്ത്യ വെർച്വൽ ട്രേഡ് കോറിഡോർ ഇതിനായി ഉപയോഗപ്പെടുത്തും. മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ, ഫ്രീ ട്രേഡ് സോണുകൾ, തുറമുഖ കണക്ടിവിറ്റി, റെയിൽ ചരക്ക് പദ്ധതികൾ എന്നിവ ഇതിൻ്റെ ഭാഗമാണ്.
ഡ്രൈഡോക്സ് വേൾഡ് കൊച്ചിൻ ഷിപ്പ്യാർഡുമായി ഒപ്പിട്ട ധാരണപത്രം പ്രകാരം കൊച്ചിയിലും വഡിനാറിലും ഷിപ്പ് റിപ്പയർ ക്ലസ്റ്ററുകൾ, ഓഫ്ഷോർ ഫാബ്രിക്കേഷൻ, മറൈൻ എഞ്ചിനീയറിംഗ് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കും. ഇന്ത്യയുടെ മാരിടൈം അടിസ്ഥാന സൌകര്യങ്ങൾ ആധുനികവത്കരിക്കാനും, കപ്പൽ സർവ്വീസ് സേവനങ്ങൾ, തൊഴിലുകൾ കൂട്ടാനും ഇതിലൂടെ സാധിക്കും.