ഖത്തറിലെ അൽ മൻസൂറയിലെ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി സ്വദേശിയായ അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹമാണ് കണ്ടെത്തിയത്. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മരണവും സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂടാതെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന് (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്നബി ശൈഖ് ഹുസൈന് (61) എന്നിവരുൾപ്പെടെ ആറ് ഇന്ത്യക്കാരാണ് ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടത്.
പൊന്നാനി പോലീസ് സ്റ്റേഷനരികെയുള്ള സലഫി മസ്ജിദിനു സമീപം തച്ചാറിന്റെ വീട്ടിൽ മമ്മാദൂട്ടിയുടെയും ആമിനയുടെയും മകനാണ് അബു. ഭാര്യ: രഹ്ന. റിഥാൻ (9), റിനാൻ (7) എന്നിവർ മക്കളാണ്. ബിൽശിയാണ് പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവരാണ് മക്കൾ. അതേസമയം കാസർഗോഡ് പുളിക്കൂർ സ്വദേശിയായ അഷ്റഫ് ഒരു മാസം മുമ്പാണ് അഷ്റഫ് ഖത്തറിൽ എത്തിയത്. ഭാര്യ ഇർഫാന. ഒരു വയസ്സിൽ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെയാണ് ഫൈസലിനെയും നൗഷാദിനെയും കാണാതായത്. ഇതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഇതിന് ശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പാറപ്പുറവൻ അബ്ദുസമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസൽ. റബീനയാണ് ഫൈസലിന്റെ ഭാര്യ. വിദ്യാർഥികളായ റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിലുള്ള നാല് നില കെട്ടിടം തകർന്നു വീണത്. ഉടൻ തന്നെ ഏഴു പേരെ രക്ഷാ സംഘം പുറത്തെത്തിച്ചിരുന്നു. കൂടാതെ വ്യാഴാഴ്ച രണ്ട് സ്ത്രീകളെയും സുരക്ഷിതമായി പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.