പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയ തമിഴ്നാട് സ്വദേശിയെക്കെതിരെ കേസെടുത്തു. വനത്തില്‍ അതിക്രമിച്ചുകയറിയതിനാണ് വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ചെന്നൈ സ്വദേശി നാരായണനാണ് അനധികൃതമായി പൂജ നടത്തിയത്.
സംഭവത്തില്‍ പൊലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് കെ അനന്തഗോപന്‍ പറഞ്ഞു. മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചയാളാണ് നാരായണന്.
മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാണ് പൂജനടന്നതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഒരുമാസം മുമ്പാണ് നടന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിഗമനം.
പൊന്നമ്പല മേട്ടില്‍ പൂജ ചെയ്യാന്‍ സാധിച്ചതില്‍ ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും അത് തങ്ങള്‍ക്ക് കിട്ടിയെന്നും പൂജ ചെയ്യുന്ന വീഡിയോയില്‍ പറയുന്നതായി കാണാം.
ദേവസ്വം ബോര്‍ഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. നാരായണന് മുമ്പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുള്ള ആളാണെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ച കാലത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കിയതായും പരാതിയുണ്ട്.