ഇലന്തൂരിൽ നരബലിയ്ക്ക് ശേഷം മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് പ്രതികൾ. പൊലീസിന്റെ ആരോപണം ശരിയല്ലെന്ന് പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോൾ കാക്കനാട് ജില്ലാ ജയിൽ പരിസരത്തുവച്ചാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മാംസം ഭക്ഷിച്ചിട്ടില്ലെന്ന് പ്രതികൾ പറഞ്ഞത്.
കേസിൽ അറസ്റ്റിലായ ഭഗവൽ സിങ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരെ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ പൊലീസിനെതിരെ പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ ആരോപണം ഉയർത്തി.
നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും മൊഴി നൽകാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രതികളെ മാപ്പു സാക്ഷിയാക്കാം എന്ന് വാഗ്ദാനം നൽകി മറ്റുള്ളവർക്കെതിരെ മൊഴി പറയാൻ നിർബന്ധിച്ചതായും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.