ഇടുക്കി: മാങ്ങ മോഷണക്കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എ ആർ ക്യാമ്പിൽ ഓഫീസറായിരുന്ന പി വി ഷിഹാബിനെയാണ് ഇടുക്കി എസ് പി പിരിച്ചുവിട്ടത്. നേരത്തെ മോഷണക്കേസിനെ തുടർന്ന് ഷിഹാബിനെ സസ്പെൻഡ് ചെയ്തിരുന്നു.
പിരിച്ചുവിടാനുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ ശിഹാബിന്റെ പേരും ഉൾപ്പെട്ടിരുന്നു. പോലീസുകാരനായിരിക്കെ മാങ്ങാമോഷണക്കേസിൽ പ്രതിയാവുകയും മുൻപും മറ്റ് കേസുകളിൽ പ്രതിയാവുകയും അച്ചടക്കലംഘനങ്ങൾക്ക് വിധേയമാവുകയും ചെയ്തതിനെ തുടർന്നാണ് ഷിഹാബിനെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് എസ് പി വ്യക്തമാക്കി. മാങ്ങാ മോഷണക്കേസിൽ ശിഹാബിന്റെ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബർ 28 ന് പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞുവരികയായിരുന്ന ശിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും മാങ്ങ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തുള്ള സി സി ടി വി ക്യാമറയിൽ പതിയുകയും പിന്നീട് ആ വീഡിയോ വൈറലാകുകയും ചെയ്തു. ശേഷം 600 രൂപയുടെ 10 കിലോ മാങ്ങ നഷ്ടമായെന്ന് കടയുടമ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് പരാതിയില്ലെന്ന് കടയുടമ അറിയിച്ചതിനെ തുടർന്ന് കോടതി കേസ് ഒത്തുതീർപ്പാക്കി.