ബഹിരാകാശത്ത് വിശുദ്ധ റമദാൻ ആചരിക്കാനായതിന്റെ സന്തോഷത്തിലാണ് യുഎഇ ബഹീരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദി. സ്പേസ് സ്റ്റേഷനിൽ ദൃശ്യമായ റമദാൻ ചന്ദ്രക്കലയുടെ വിഡിയോയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.ഇഫ്താറിനായി ഗ്രീൻവിച്ച് സമയമായിരിക്കും പിന്തുടരുക (ബഹിരാകാശ നിലയത്തിലെ ഔദ്യോഗിക സമയ മേഖല). ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ മതപരമായ കാര്യങ്ങൾ ചില ബഹിരാകാശ സഞ്ചാരികൾ പിന്തുടരാറുണ്ട്.
1985 ജൂണിൽ, സൗദി രാജകുമാരനും മുൻ റോയൽ സൗദി എയർഫോഴ്സ് പൈലറ്റുമായ സുൽത്താൻ ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ, അമേരിക്കയുടെ ബഹിരാകാശ ദൗത്യമായ STS-51-G ൽ യാത്ര ചെയ്തിരുന്നു. തന്റെ ഇരുപത്തിയെട്ടാമത്തെ വയസിലായിരുന്നു രാജകുമാരന്റെ ബഹിരാകാശയാത്ര. ആ വർഷത്തെ ഈദ് അൽ ഫിത്തർ അദ്ദേഹം ആഘോഷിച്ചത് ബഹിരാകാശവാഹനത്തിൽ വെച്ചായിരുന്നു. 2007ൽ മലേഷ്യൻ ബഹിരാകാശ സഞ്ചാരിയായ ഷെയ്ഖ് മുസാഫർ ഷുക്കോർ ഐഎസ്എസിൽ താമസിച്ചിരുന്നു. ആ സമയത്ത്, മലേഷ്യയിലെ ഇസ്ലാമിക് നാഷണൽ ഫത്വ കൗൺസിൽ അദ്ദേഹത്തിനും ഭാവിയിലെ മറ്റ് മുസ്ലീം ബഹിരാകാശ സഞ്ചാരികൾക്കും ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഭൂമിയിലേക്ക് മടങ്ങിയെത്തും വരെ വ്രതം നീട്ടി വയ്ക്കാനും അഥവാ വ്രതമാചരിക്കുന്നുണ്ടെങ്കിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട സ്ഥലത്തെ സമയക്രമം പിന്തുടരാനും കൗൺസിൽ നിർദേശിച്ചിരുന്നു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയിൽ നിസ്കാരം പോലുള്ള കർമങ്ങൾ പിന്തുടരാൻ ബുദ്ധിമുട്ടുള്ളതിനാൽ നിസ്കാരം ഒഴിവാക്കാനും ഷെയ്ഖ് മുസാഫർ ഷുക്കോറിന് നിർദേശം ലഭിച്ചിരുന്നു. ബഹിരാകാശത്തെ വിശേഷങ്ങളും കാഴ്ചകളും നിരന്തരം സുൽത്താൻ അൽ നയാദി ജനങ്ങളുമായി പങ്കുവയ്ക്കാറുണ്ട്.