ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വമേധയാ മുന്നോട്ട് വന്ന പൂജാരി രേവത്. അന്ത്യകര്‍മങ്ങള്‍ക്കായി പലയിടത്തും പോയി തിരക്കിയെങ്കിലും ഒരു പൂജാരിയും വരാന്‍ തയ്യാറായില്ലെന്നും ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് ചോദിച്ചതെന്നും രേവത് മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദിക്കാരുടെ കുട്ടിയായാലും മനുഷ്യന്മാരുടെ കുട്ടിയല്ലേ. ആരും തയ്യാറായില്ല. ആ ഘട്ടത്തില്‍ കുട്ടിക്ക് കര്‍മം ചെയ്യാന്‍ താന്‍ തയ്യാറാവുകയായിരുന്നുവെന്ന് രേവത് പറഞ്ഞു. വിതുമ്പിക്കൊണ്ടാണ് രേവത് ഇക്കാര്യം പറഞ്ഞത്.
‘ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ പോയി അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലെന്നാണ് അവരൊക്കെ പറഞ്ഞത്. ഹിന്ദിക്കാരുടെ കുട്ടി ആയാലെന്താ മനുഷ്യന്മാരുടെ കുട്ടിയല്ലേ. അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോളുടെ കര്‍മ്മം ഞാന്‍ തന്നെ ചെയ്യാം എന്ന്. ഒരാള്‍ മരിച്ചിട്ട് മാത്രമേ ഇതുവരെ കര്‍മം ചെയ്തിട്ടുള്ളു. ഇത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടമായിപോയി,’ രേവത് പറഞ്ഞു.
വിതുമ്പിക്കൊണ്ട് പറഞ്ഞവസാനിപ്പിച്ച രേവതിനെ ചേര്‍ത്ത് പിടിച്ചത് അന്‍വര്‍ സാദത്ത് എംഎല്‍എയാണ്.
കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിച്ചു. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. കുട്ടിയുടെ ക്ലാസ് മുറിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
കുട്ടിയെ അവസാനമായി കാണാന്‍ സഹപാഠികളും നാട്ടുകാരും സ്കൂളിലേക്ക് എത്തുകയാണ്. കണ്ണീരോടെയാണ് ആളുകള്‍ കുട്ടിയെ കണ്ടുമടങ്ങുന്നത്. അധ്യാപകരും സഹപാഠികളും കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണെന്ന് പ്രതി അസഫാക്ക് മൊഴി നല്‍കിയിരുന്നു. കുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പ്രതിക്കെതിരെ പോക്സോ, തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതി കുറ്റകൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് നിഗമനം. കേസുമായി ബന്ധപ്പെട്ട് സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്കൊന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.