കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. പുതിയ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതി വിലക്കി. ഇത് സംബന്ധിച്ച് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
നീക്കം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാമെന്ന് ചാന്‍സലറുടെ അഭിഭാഷകന് അറിയിച്ചു. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന 15 സെനറ്റ് അംഗങ്ങളെയായിരുന്നു ഗവര്‍ണര്‍ പുറത്താക്കിയത്.
ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും ഉത്തരവിറക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു രാജ്ഭവന് ഉത്തരവിറക്കിയത്. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവ് ഇറക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം കേരള സര്‍വകലാശാല തള്ളിയതോടെയാണ് ഗവര്‍ണര്‍ വീണ്ടും അസാധാരണ നടപടിയിലേക്ക് കടന്നത്. വിസി ശബരിമല ദര്‍ശനത്തിന് പോയതാണെന്നും മറ്റാര്‍ക്കും ചുമതല നല്കാത്തതിനാല് ഉത്തരവിറക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ മറുപടി.