ക്യൂബയുടെ തെക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന ഹെയ്തിയിൽ കലാപം. രാജ്യത്തെ താങ്ങാനാകാത്ത ജീവിത ചെലവിന് പുറമേ സര്‍ക്കാര്‍ ഇന്ധനവില കൂടി വര്‍ദ്ധിപ്പിച്ചതോടെ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും നേരിയ വർധന പ്രഖ്യാപിച്ചപ്പോള്‍ ഗ്യാസിന് വില ഇരട്ടിയിലധികം വര്‍ദ്ധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. രാജ്യത്തെ വാതക വില സര്‍ക്കാരിൻ്റെ നിയന്ത്രണത്തിലാണ്.
ഒരു ഗാലൻ (3.8 ലിറ്റർ) വാതകത്തിന് വില ഏകദേശം 2 ഡോളറിൽ നിന്ന് 4.78 ഡോളറായി ഉയരുമെന്ന ഹെയ്തി സര്‍ക്കാരിൻ്റെ പ്രഖ്യാപനമാണ് കലാപത്തിലേക്ക് നയിച്ചത്. ഹെയ്തിയിലെ സാധാരണക്കാരെല്ലാം ഗതാഗതത്തിനും പാചകത്തിനും വൈദ്യുതിക്കും പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ധനമാണ്.പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പ്രതിമാസം 9 ബില്യൺ ഗോർഡ്സ് [$76.2 മില്യൺ] ചെലവ് വരുമെന്നും അത് രാജ്യത്തെ പ്രതിമാസ ശമ്പളത്തിന്റെ ഇരട്ടിയാണെന്നും ഹെയ്തി കമ്മ്യൂണിക്കേഷൻ മന്ത്രാലയം ട്വീറ്റ് ചെയ്തു.
രാജ്യതലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞതോടെ നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളെല്ലാം സ്തംഭിച്ചു. റോഡുകളില്‍ കല്ലുകള്‍ വച്ചും വാഹനങ്ങളും ടയറുകളും കത്തിച്ചും ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു.
2021 ജൂലൈയിൽ പ്രസിഡന്റ് ജോവനൽ മോയ്സിനെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് കൊല്ലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയും രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമുയരുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്ധനത്തിന് പഴയത് പോലെ സബ്സിഡി നൽകാൻ കഴിയില്ലെന്നാണ് സർക്കാരിൻ്റെ ന്യായീകരണം.
വെനസ്വേലയുടെ പെട്രോകാരിബ് പ്രോഗ്രാമിൽ നിന്ന് ഹെയ്തിക്ക് മുമ്പ് പെട്രോളിയം ലഭിച്ചിരുന്നെങ്കിലും ഈ പദ്ധതി വർഷങ്ങൾക്ക് മുമ്പ് തന്നെ നിര്‍ത്തിയിരുന്നു.
നിരവധിയാളുകൾ രാജ്യം വിടുമെന്നും റിപ്പോർട്ടുകളുണ്ട്.