ദുബായ്: കാലാവസ്ഥാ പ്രവചനങ്ങൾ ശരിവച്ച് യുഎഇയിൽ വ്യാപകമായി കനത്ത മഴ. അബുദാബി മുതൽ ഫുജൈറ വരെ ശനിയാഴ്ച രാവിലെ രാജ്യത്തുടനീളം കനത്ത മഴ പെയ്തു. കനത്ത മഴയ്ക്ക് പിന്നാലെ പലയിടത്തും റോഡിൽ വെള്ളം നിറഞ്ഞത് ഗതാഗതത്തേയും ജനജീവിതത്തേയും സാരമായി ബാധിച്ചു. കനത്ത മഴയ്ക്ക് ഉച്ചയോടെ ശമനമുണ്ടായെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷവും കാറ്റും ഇപ്പോഴും തുടരുകയാണ്.
കനത്ത മഴയെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന 13 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച പുലർച്ചെ മുതൽ പ്രതികൂല കാലാവസ്ഥ കാരണം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തിൽ പല തടസ്സങ്ങളും നേരിടുന്നുണ്ട്. കനത്ത മഴ കാരണം പുലർച്ചെ മുതൽ ഇവിടെ ലാൻഡ് ചെയ്യേണ്ടിയിരുന്ന 13 വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. എയർലൈനുകളുമായും മറ്റും സഹകരിച്ച് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ – പ്രസ്താവനയിൽ ദുബായ് വിമാനത്തവള അധികൃതർ പറഞ്ഞു.
ദുബായിൽ ഒന്നാം ഇൻ്റർചേഞ്ചിനു സമീപമുള്ള സർവീസ് റോഡിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്കുള്ള എക്സിറ്റ് വെള്ളം നിറഞ്ഞതിനാൽ കാറുകൾ ബദൽ വഴികളിലൂടെയാണ് ഓടുന്നത്. രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിനെ തുടർന്ന് റാസൽഖൈമയിലെ റോഡ് തകർന്നു.അപകടത്തെത്തുടർന്ന് അൽ ഷുഹാദ സ്ട്രീറ്റിൻ്റെ ഒരു ഭാഗം റാസൽഖൈമ പോലീസ് അടച്ചു. എമിറേറ്റ്സ് റോഡിലേക്ക് പോകുന്ന തെരുവിലാണ് മണ്ണിടിഞ്ഞത്.
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീട്ടിൽ തന്നെ തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പല പൊതുപരിപാടികളും റദ്ദാക്കുകയും പാർക്കുകളും ബീച്ചുമടക്കമുള്ള വിനോദകേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം ബസ് ഷെഡ്യൂളുകൾ വൈകാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പുലർച്ചെയോടെ ആദ്യം അൽ ഐനിലും പിന്നീട് അജ്മാനിലും കനത്ത മഴയും ഇടിയും മിന്നലും റിപ്പോർട്ട് ചെയ്യപ്പെട്ടു, തൊട്ടുപിന്നാലെ റാസൽഖൈമയിലും ഫുജൈറയിലും മഴ ശക്തമായി. രാവിലെ ഏഴരയോടെ ദുബായിൽ മഴ അതിശക്തമായത്. ദുബായിലെ അൽ ഖ്വാനീജിലും ഉമ്മു ഹുറൈറിലും അതിരാവിലെ കനത്ത മഴ രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക്, ജബൽ അലി, ഗ്രീൻസ്, അൽ ഫുർജാൻ, ദുബായ് സ്പോർട്സ് സിറ്റി, ഇൻ്റർനാഷണൽ സിറ്റി, ജുമൈറ, അൽ ഖുദ്ര, ബർ ദുബായ്, കരാമ, അൽ ജദ്ദാഫ്, അൽ ഖൈൽ റോഡ് എന്നിവിടങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.