സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ വീടുകളിൽ കഴിയാൻ അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയോടെ രാജ്യത്തു മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നു നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ജിദ്ദയിലും പരിസരങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടു നിൽക്കണമെന്നു സിവിൽ ഡിഫൻസ് വിഭാഗം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. കൂടാതെ എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മഴ പെയ്യുന്ന സ്ഥലങ്ങളിൽ പുറത്തിറങ്ങരുതെന്നും മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ അറിയിച്ചു. ദൂരക്കാഴ്ച കുറയുന്നതിലേക്കും ഉയർന്ന കടൽ തിരമാലകളിലേക്കും നയിക്കുന്ന ശക്തമായ കാറ്റും ഉണ്ടാകും.
ജിദ്ദ വിമാനത്താവളം വഴിയുള്ള യാത്രക്കാർ യാത്രയ്ക്കു മുൻപു ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതൽ മൂന്നു ദിവസത്തേക്കു വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുൻപു വിമാനകമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകൾ ഉറപ്പ് വരുത്തണമെന്നു ജിദ്ദ വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നു ജിദ്ദ വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.