ദുബായ്: ഇന്ന് പുലർച്ചെ തുടങ്ങിയ കനത്ത മഴ യുഎഇയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴ ദീർഘനേരം തുടർന്നതോടെ പല റോഡുകളും വെള്ളത്തിലായി ദുബായ് വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങൾ പലതും വഴി തിരിച്ചു വിട്ടു. ദുബായിലേക്കും തിരിച്ചുമുള്ള ബസ് സർവ്വീസുകളേയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. കാറുമായി പുറത്തിറങ്ങിയവർക്കും റോഡുകൾ മാറി സഞ്ചരിക്കേണ്ടി വന്നു.
കനത്ത മഴയ്ക്ക് പിന്നാലെ ദുബായിലെ വാട്ടർ ടാക്സി, അബ്രാസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചു. എന്നാൽ ഉച്ചയോടെ മഴ മാറിയപ്പോൾ സർവ്വീസുകൾ പുനരാരംഭിച്ചു.
ദുബായിൽ നിന്നും ഷാർജയിലേക്കുള്ള ബസ് സർവ്വീസുകളും കനത്ത മഴയ്ക്ക് പിന്നാലെ നിർത്തിവച്ചു. ഇ315 ബസ് റൂട്ടിലൂടെയുള്ള സർവ്വീസാണ് താത്കാലികമായി നിർത്തിയത്. ദുബായ് – ഷാർജ റൂട്ടിലെ ഗതാഗതവും വഴിതിരിച്ചു വിട്ടതായി ആർടിഎ അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായ്യിദ് റോഡിൽ വെള്ളം കയറിയതിനെ തുടർന്നായിരുന്നു ഗതാഗത നിയന്ത്രണം.
മഴവെള്ളം കുതിച്ചെത്തിയതോടെ ഷാർജയിലെ എക്സിറ്റ് ടണലുകളായ ഷാർജ മലിഹ റോഡ്, ഷാർജ അൽ ദഹിദ്, കോർ ഫകൻ റോഡ് എന്നിവയും അടച്ചു. പർവത മേഖലകളിലേക്കും താഴ്വരികളിലേക്കുമുള്ള റോഡുകൾ നേരത്തെ തന്നെ അടച്ചിരുന്നു.