ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ബെംഗളൂരുവിൽ ജനജീവിതം സ്തംഭിച്ചു. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളിലും വെള്ളം കയറി കാറുകൾ വെള്ളത്തിലായി. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. മഴയ്ക്ക് പിന്നാലെ നഗരത്തിലെ വിവിധ മേഖലകളിൽ താത്കാലിക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്നും ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം.
അടിക്കടിയുണ്ടാവുന്ന അതിശക്തമായ വേനൽമഴ ബെംഗളൂരു നിവാസികൾക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 52 മരണങ്ങൾ രേഖപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരങ്ങൾ കടപുഴകി വീണു ചില അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, ചിലർ ഇടിമിന്നലിൽ മരിക്കുകയോ മഴവെള്ളത്തിൽ ഒലിച്ചുപോവുകയോ ചെയ്ത സംഭവങ്ങളുമുണ്ടായി.
ബെംഗളൂരുവിന് പുറമെ പഴയ മൈസൂരു മേഖലയിലും കനത്ത മഴ നാശം വിതച്ചു. നഗരത്തിലെ നിരവധി മരങ്ങൾ കടപുഴകി വീണും. മരക്കൊമ്പുകളും മരങ്ങളും പതിച്ച് പലയിടത്തും വൈദ്യുതി കമ്പികൾ പൊട്ടിവീണു. അടുത്ത ആഴ്ച കഴിഞ്ഞാൽ മൺസൂൺ മഴ ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ മൺസൂൺ ദുരിതാശ്വാസ ക്യാംപുകളും കൺട്രോൾ റൂമുകളും അടിയന്തരമായി സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
മഴവെള്ളം ഒഴുകി പോകാൻ വേണ്ടത്ര ചാലുകളില്ല എന്നതാണ് ബെംഗളൂരു നഗരം നേരിടുന്ന പ്രധാന പ്രശ്നം. ഭൂമികൈയ്യേറ്റം മൂലം പല തടാകങ്ങളും തോടുകളും ഇടുങ്ങിയും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ പെയ്യുമ്പോൾ താഴ്ന്ന പ്രദേശങ്ങൾ അതിവേഗം വെള്ളത്തിനടിയിലാവുകയും വെള്ളക്കെട്ടിൻ്റെ ആഴം തിരിച്ചറിയാതെ ആളുകളും വാഹനങ്ങളും അതിൽ മുങ്ങുകയും ചെയ്യുന്ന സംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മഴയിൽ കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ സിലിക്കൺ സിറ്റി ഏരിയയിലെ ബിടിഎം ലേഔട്ടിൽ 4 അടിയോളം താഴ്ചയുള്ള ഒരു ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ ഈ പ്രദേശത്ത് രൂപപ്പെടുന്ന മൂന്നാമത്തെ ഗർത്തമാണിത്. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ മഴകൂടിയെത്തിയതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്താനും ദുരന്തനിവാരണത്തെ കുറിച്ച് ചർച്ച ചെയ്യാനുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുമായും (ഡിസി) ജില്ലാ പഞ്ചായത്ത് സിഇഒമാരുമായും യോഗം ചേർന്നിരുന്നു. ദുരിത ബാധിതർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും സിദ്ധരാമയ്യ യോഗത്തിൽ മുന്നറിയിപ്പ് നൽകി.
“പ്രീ മൺസൂൺ മഴ പല ഭാഗങ്ങളിലും ആരംഭിച്ചു, ഏപ്രിൽ മുതൽ ജൂൺ വരെയാണ് പ്രീ മൺസൂൺ. ഇത്തവണ മൺസൂണിന് മുന്നോടിയായുള്ള മഴ സാധാരണ ഗതിയിൽ 10 ശതമാനം കൂടുതലാണ്. ഇതിൽ ഇതുവരെ 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 331 കന്നുകാലി നാശം, 20,000 ഹെക്ടറിൽ വിളനാശം, 814 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു,” സിദ്ധരാമയ്യ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ ഇതിനകം 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കൂടാതെ, കന്നുകാലികളുടെ നഷ്ടത്തിന് ആശ്വാസം നൽകാനും വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തര സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന അടിപ്പാതകൾ ഗതാഗതത്തിനായി അടച്ചിടുകയും ശാസ്ത്രീയമായി വൃത്തിയാക്കുകയും വേണം, അടിയന്തര ദുരന്തനിവാരണ നടപടികൾ ആരംഭിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമങ്ങൾ സന്ദർശിച്ച് മഴക്കെടുതി പരിശോധിക്കാനും ആവശ്യമായ ദുരിതാശ്വാസ നടപടികളെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്.