ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ അമിതനിരക്ക് ഇടാക്കിയാൽ കനത്ത പിഴ ചുമത്തും. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അംഗീകരിച്ച സേവന നിരക്കിൽ കൂടുതൽ ഇടാക്കിയാൽ 5000 ദിർഹം പിഴ അടക്കേണ്ടി വരും. നിയമ ലംഘനം നടത്തിയവരുടെയോ തൊഴിൽ ഉപയോഗിച്ചവരുടെയോ വ്യക്തി വിവരങ്ങൾ ഉപയോഗിച്ചു നിയമനം നടത്തിയാലും ശിക്ഷ ലഭിക്കും.
ഒളിച്ചോടിയതായി പരാതിയുള്ളവരെയും നിയമനത്തിനായി നൽകരുത്. വീസ വ്യവസ്ഥകൾ ലംഘിച്ചവർ, വൈദ്യ പരിശോധന പൂർത്തിയാക്കാത്തവർ എന്നിവരെയും നിയമിക്കാൻ പാടില്ല. റിക്രൂട്മെന്റ് സ്ഥാപനങ്ങളിൽ ഇടപാടുകാർ കാണും വിധം മന്ത്രാലയം അംഗീകരിച്ച് സേവന നിരക്കിന്റെ പട്ടിക പ്രദർശിപ്പിക്കണമെന്നാണ് നിയമം. ഇതു ലംഘിച്ചാൽ 2000 ദിർഹമാണ് പിഴ.
തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ വിട്ട് നിൽക്കുകയോ ചെയ്താൽ സ്പോൺസർക്കു ചെലവായ തുക റിക്രൂട്ടിങ് സ്ഥാപനങ്ങൾ തിരികെ നൽകണം. ഗഡുക്കളായോ ഒന്നിച്ചോ നിശ്ചിത സമയ പരിധിക്കുള്ളിൽ പണം നൽകണം. ജോലിക്കാരെ തിരികെ നൽകിയ ദിവസം മുതൽ രണ്ടാഴ്ചയ്ക്കകം മുടക്കിയ തുക തിരിച്ചുനൽകണം. സ്പോൺസറുടെ അപേക്ഷയനുസരിച്ച് വിദേശങ്ങളിൽ നിന്നുമെത്തുന്ന വീട്ടുജോലിക്കാരുടെ നിയമനം വൈകിപ്പിച്ചാൽ ഓരോ ദിവസത്തിനും 100 ദിർഹം വീതം പിഴ ചുമത്തും.