ഖത്തറിൽ ലോകകപ്പ് സമയത്ത് രാജ്യത്തേക്ക് പ്രവേശിക്കാൻ നിർബന്ധമാക്കിയിരുന്ന ഹയാ കാർഡ് ഉപയോഗിക്കുന്നതിനുള്ള കാലാവധി നീട്ടി. ഹയാ കാർഡ് കൈവശമുള്ളവർക്ക് ഖത്തറിലേക്ക് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കുടുംബത്തെ ഒപ്പം താമസിപ്പിക്കുകയും ചെയ്യാം.
അതേസമയം അതിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജനുവരി 23ന് ഹയാ കാർഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതാണിപ്പോൾ 2024 ജനുവരി 24 വരെ നീട്ടിചിരിക്കുന്നത്. ലോകകപ്പിന് ഖത്തറിലെത്തിയവർക്ക് വീണ്ടും രാജ്യം സന്ദർശിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു.
ലോകകപ്പ് ആരാധകർക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള വീസയായിരുന്നു ഹയാ കാർഡുകൾ. ഹയാ കാർഡ് കൈവശമുള്ളവർക്ക് പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. സ്വദേശികൾക്കുൾപ്പെടെ ലോകകപ്പ് മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമായിരുന്നു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഗതാഗത മന്ത്രാലയം, നഗരസഭ മന്ത്രാലയം എന്നിവർ ചേർന്നാണ് ഹയാ കാർഡ് സംവിധാനം നടപ്പിലാക്കിയത്
ഹയാ കാർഡുപയോഗിച്ച് രാജ്യത്തേക്കെത്തുന്നവർക്കുള്ള നിർദേശങ്ങളും അറിയിപ്പുകളും
1. കുടുംബത്തിനൊപ്പമോ അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പമോ താമസിക്കുന്നതിനായി ഹോട്ടൽ റിസർവേഷൻ നടത്തണമെങ്കിൽ ഹയാ പോർട്ടലിൽ വിവരങ്ങൾ നൽകിയിരിക്കണം
2. പാസ്പോർട്ടിൽ മൂന്നുമാസത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണം
3. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം
4. നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്തിരിക്കണം
5. ‘ഹയാ വിത്ത് മി’ സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മാത്രമേ ഖത്തറിലേക്ക് കൊണ്ടുവരാൻ അനുവാദമുള്ളൂ
6. ഈ സേവനങ്ങൾക്ക് പ്രത്യേക ഫീസുകൾ ഈടാക്കുന്നില്ല