ടൊറന്റോയിലെ ക്ഷേത്രച്ചുവരിൽ ഇന്ത്യക്കെതിരെ വിദ്വേഷവാചകങ്ങൾ എഴുതിവച്ച് സാമൂഹ്യ വിരുദ്ധർ വികൃതമാക്കി. ബി എ പി എസ് സ്വാമിനാരായണ മന്ദിർ ക്ഷേത്രത്തിലെ ചുവരുകളിലാണ് ഇത്തരത്തിലുള്ള വാചകങ്ങൾ എഴുതിവച്ചതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികളായിരിക്കാം ഇതിന് പിന്നിലെന്നാണ് നിഗമനം.
വിദ്വേഷം പടർത്താൻ ശ്രമിച്ച കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ കനേഡിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിക്കുന്നതായി ഇന്ത്യൻ ഹൈകമ്മീഷൻ കൂട്ടിച്ചേർത്തു.
കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ നടത്തിയ ഈ പ്രവർത്തിയെ എല്ലാവരും അപലപിക്കേണ്ടതാണ്. കനേഡിയൻ ക്ഷേത്രങ്ങളെ ഈയിടെയായി അവർ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതുമൂലം വിശ്വാസികളായ ജനങ്ങൾ ആശങ്കയിലാണെന്നും കാനഡയിലെ പാർലിമെന്റ് അംഗം ചന്ദ്ര ആര്യ ട്വീറ്റിലൂടെ അറിയിച്ചു.